സോൾ: ദക്ഷിണ കൊറിയയുമായുള്ള ബന്ധം വഷളാകുന്നതിനിടെ പുതിയ നീക്കവുമായി ഉത്തര കൊറിയ. ചാവേർ ആക്രമണ ഡ്രോണുകൾ വൻതോതിൽ ഉൽപ്പാദിപ്പിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് കിം ജോങ് ഉൻ. സ്‌ഫോടക വസ്‌തുക്കൾ വഹിക്കാൻ സാധിക്കുന്ന ആളില്ലാ ഡ്രോണുകളെയാണ് ചാവേർ ഡ്രോണുകൾ എന്ന് വിളിക്കുന്നത്.
ശത്രുക്കളുടെ ലക്ഷ്യ സ്‌ഥാനങ്ങൾ കണ്ടെത്തി കനത്ത നാശം വിതയ്‌ക്കാൻ സാധിക്കുന്ന ഗൈഡഡ് മിസലുകളാണ് ഇവ. ഉത്തരകൊറിയയുടെ ഏരിയൽ ടെക്‌നോളജി കോംപ്ളക്‌സ് (യുഎടിസി) നിർമിച്ച കരയിലും കടലിലുമുള്ള ലക്ഷ്യങ്ങൾ തകർക്കാൻ രൂപകൽപ്പന ചെയ്‌ത ആളില്ലാ ഡ്രോണുകളുടെ പരീക്ഷണങ്ങൾക്ക് മേൽനോട്ടം വഹിച്ച ശേഷമാണ് കിം ജോങ്ങിന്റെ തീരുമാനം.
ഇക്കഴിഞ്ഞ ഓഗസ്‌റ്റിലാണ് രാജ്യത്ത് ആദ്യമായി ചാവേർ ഡ്രോണുകൾ നിർമിച്ചു പരീക്ഷണം നടത്തിയത്. റഷ്യയുമായുള്ള പ്രതിരോധ സഹകരണത്തിലൂടെയോ ഇറാനിൽ നിന്നോ ആകാം ഉത്തരകൊറിയയ്‌ക്ക് ഇതിനുള്ള സാങ്കേതിക സഹായം ലഭിച്ചതെന്നാണ് വിവരം.
ഓഗസ്‌റ്റിൽ നടത്തിയ പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ നേരത്തെ ഉത്തരകൊറിയ പുറത്തുവിട്ടിരുന്നു. ഇസ്രയേലിന്റെ ഹാരോപ്പ്, റഷ്യയുടെ ലാൻസെറ്റ്-3, ഇസ്രയേലിന്റെ തന്നെ ഹീറോ-30 എന്നിവയോട് സാദൃശ്യമുള്ളതാണ് ഉത്തരകൊറിയയുടെ ചാവേർ ഡ്രോണുകളെന്ന് വിദഗ്‌ധർ പറയുന്നു.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’