സിയോൾ: ഉത്തരകൊറിയൻ സൈനിക മേധാവിയെ പിരിച്ചു വിട്ടു. രാജ്യത്തെ ഉന്നത ജനറൽ, ചീഫ് ഓഫ് ജനറൽ സ്‌റ്റാഫ് പാക് സു ഇലിനെ പിരിച്ചുവിട്ടതായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ അറിയിച്ചു. ഏഴ് മാസത്തോളമായി അദ്ദേഹം ഈ ചുമതല വഹിക്കുകയായിരുന്നു. മുൻപ് രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായും പരമ്പരാഗത സൈനികരുടെ ഉന്നത കമാൻഡറായും സേവനം അനുഷ്‌ഠിച്ച ജനറൽ രി യോങ് ഗിൽ പകരം ചുമതല ഏറ്റെടുക്കും.
യുദ്ധത്തിനുള്ള തയാറെടുപ്പ്, ആയുധ നിർമാണം, സൈനിക വിന്യാസം തുടങ്ങിയ കാര്യങ്ങളുടെ മുന്നോടിയായാണ് കിം ജോങ് ഉന്നിന്റെ പുതിയ നീക്കമെന്ന് ഔദ്യോഗിക മാദ്ധ്യമമായ കെസിഎൻഎ റിപ്പോർട് ചെയ്‌തു. സെൻട്രൽ മിലിട്ടറി യോഗത്തിലാണ് കിം നിർണായക തീരുമാനം വെളിപ്പെടുത്തിയത്. ശത്രുരാജ്യങ്ങളെ നേരിടുന്നതിനായി പ്രതിരോധ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കിയതായും കെസിഎൻഎ റിപ്പോർട് ചെയ്‌തു.
കിമ്മിന്റെ സൈനിക നീക്കങ്ങളെ കുറിച്ച് ചില ചിത്രങ്ങളും കെസിഎൻഎ പുറത്തുവിട്ടിട്ടുണ്ട്. ഭൂപടത്തിൽ ദക്ഷിണ കൊറിയൻ തലസ്‌ഥാനത്തിന് ചുറ്റുമുള്ള പ്രദേശങ്ങളെ കിം ചൂണ്ടി കാണിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. രാജ്യത്തിന്റെ ഏറ്റവും പുതിയ ആയുധങ്ങൾ ഉൾപ്പെടുത്തി ഉത്തരകൊറിയയുടെ സൈനിക ബലം ലോകത്തിന് മുമ്പിൽ കാണിക്കുന്നതിനായി സൈനിക അഭ്യാസങ്ങൾ നടത്താൻ കിം ജോങ് ഉൻ ഉത്തരവിട്ടതായും റിപ്പോർട്ടുകളുണ്ട്.
ഉത്തരകൊറിയൻ റിപ്പബ്ളിക്കിന്റെ 75ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി സെപ്‌റ്റംബർ ഒമ്പതിന് സൈനിക പരേഡ് നടക്കും. സൈന്യത്തെ കൂടാതെ നിരവധി അർധസൈനിക വിഭാഗങ്ങളും ഉത്തര കൊറിയക്കുണ്ട്. ഓഗസ്‌റ്റ് 21നും 24നുമിടയിൽ സൈനിക അഭ്യാസപ്രകടനങ്ങൾ നടത്താൻ യുഎസും ദക്ഷിണ കൊറിയയും തീരുമാനിച്ചിട്ടുണ്ട്.
Most Read| ‘മണിപ്പൂരിൽ കൊല്ലപ്പെട്ടത് ഭാരത മാതാവ്’; ആഞ്ഞടിച്ചു രാഹുൽ ഗാന്ധി