ന്യൂഡെൽഹി: ഡ്രഡ്‌ജർ അഴിമതിക്കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിന് തിരിച്ചടി. ജേക്കബ് തോമസ് ഉൾപ്പെട്ട കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. കേസിൽ അന്വേഷണം തുടരാൻ സുപ്രീം കോടതി ഉത്തരവിട്ടു. രണ്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് വിജിലൻസിന് നിർദ്ദേശം. ജസ്‌റ്റിസ് അഭയ് എസ് ഓകാ, സഞ്‌ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
അതേസമയം, അന്വേഷണം പൂർത്തിയാക്കാനാണ് അനുമതിയെന്നും, ജേക്കബ് തോമസിനെ അറസ്‌റ്റ് ചെയ്യരുതെന്നും കോടതി നിർദ്ദേശം നൽകി. ഇടപാടുമായി ബന്ധപ്പെട്ട മറ്റു ഉദ്യോഗസ്‌ഥരുടെയും പങ്ക് അന്വേഷിക്കണമെന്നും കോടതി വ്യക്‌തമാക്കി. എഫ്‌ഐആർ റദ്ദാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഡ്രഡ്‌ജർ അഴിമതിക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്‌ഥാന സർക്കാരാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.
ഹോളണ്ടിലെ കമ്പനിയിൽ നിന്ന് ഡ്രഡ്‌ജർ വാങ്ങിയതിന്റെ പല വസ്‌തുക്കളും സർക്കാരിൽ നിന്ന് മറച്ചുവെച്ചെന്നാണ് സർക്കാരിന്റെ ആരോപണം. തുറമുഖ വകുപ്പ് ഡയറക്‌ടർ ആയിരിക്കെ ഡ്രഡ്‌ജർ ഇറക്കുമതി ചെയ്‌തതിൽ ക്രമക്കേട് ആരോപിച്ചു ജേക്കബ് തോമസിനെതിരെ 2019ലാന്ന് വിജിലൻസ് കേസെടുത്തത്. പിന്നീട് ഹൈക്കോടതി കേസ് റദ്ദാക്കി.
സർക്കാർ പ്രതിനിധികൾ കൂടി ഉൾപ്പെട്ട ഡിപ്പാർട്ട്മെന്റ് കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണ് ഡ്രഡ്‌ജർ വാങ്ങിയതെന്നും, ജേക്കബ് തോമസിന്റെ പേരിൽ മാത്രം എടുത്ത കേസ് നിലനിൽക്കില്ലെന്നും വ്യക്തമാക്കിയായിരുന്നു ഹൈക്കോടതി കേസ് റദ്ദാക്കിയത്. നെതർലാൻഡസ് കമ്പനിയിൽ നിന്ന് ഡ്രഡ്‌ജർ വാങ്ങി സർക്കാരിന് 20 കോടി നഷ്‌ടം വരുത്തിയെന്നാണ് ജേക്കബ് തോമസിനെതിരായ ആരോപണം.
Most Read| പാർട്ടി അച്ചടക്ക ലംഘനം; എൻസിപി പ്രവർത്തക സമിതിയിൽ നിന്ന് തോമസ് കെ തോമസ് പുറത്ത്