തിരുവനന്തപുരം: തോമസ് കെ തോമസ് എംഎൽഎക്കെതിരെ അതിവേഗ നടപടിയുമായി എൻസിപി നേതൃത്വം. പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചു എൻസിപി പ്രവർത്തക സമിതിയിൽ നിന്ന് തോമസ് കെ തോമസിനെ പുറത്താക്കിയതായി അധ്യക്ഷൻ ശരത് പവാർ അറിയിച്ചു. കുട്ടനാട് പാടശേഖരത്തിൽ കാർ അപകടത്തിൽപ്പെടുത്തി തന്നെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന ആരോപിച്ചാണ് എൻസിപി എംഎൽഎ തോമസ് കെ തോമസ് രംഗത്തെത്തിയത്.
തോമസ് കെ തോമസിന്റെ വെളിപ്പെടുത്തലിൽ എൻസിപി നേതാക്കൾ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. മന്ത്രി എകെ ശശീന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കൾ പാർട്ടി ദേശീയ അധ്യക്ഷന് കത്തയച്ചതിന് പിന്നാലെയാണ് നടപടി. തോമസ് കെ തോമസ് സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി എകെ ശശീന്ദ്രൻ, എൻസിപി സംസ്‌ഥാന അധ്യക്ഷൻ പിസി ചാക്കോ എന്നിവർ ദേശീയ നേതൃത്വത്തെ കഴിഞ്ഞ ദിവസം ധരിപ്പിച്ചിരുന്നു.
തോമസ് കെ തോമസിന്റെ വധശ്രമ പരാതി ഗുരുതരമാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചിരുന്നു. തോമസ് കെ തോമസിന്റെ വെളിപ്പെടുത്തൽ ഗുരുതരമാണെന്നും പോലീസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ ആകാൻ തോമസ് കെ തോമസിനെ കൊല്ലാൻ മാത്രം ക്രൂരൻമാർ എൻസിപിയിലില്ല. തോമസ് കെ തോമസ് സംസ്‌ഥാന പ്രസിഡണ്ട് പിസി ചാക്കോയെ മുഖ്യശത്രുവായി കാണുകയാണ്. മനപ്പൂർവം പാർട്ടിയെ മോശമാക്കാൻ ശ്രമിക്കുന്നു. തോമസിന് പാർട്ടി നടപടിയെ കുറിച്ച് ധാരണയില്ലെന്നും പക്വതയില്ലെന്നും അദ്ദേഹം വിമർശിച്ചു.
Most Read| കിഫ്‌ബി പദ്ധതി; കേന്ദ്ര സർക്കാരിന് കേരളത്തോട് നിഷേധാൽമക നിലപാട്-മുഖ്യമന്ത്രി