ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ ലോക്‌സഭയിൽ ആഞ്ഞടിച്ചു രാഹുൽ ഗാന്ധി. ഇന്നത്തെ വിഷയം അദാനിയെക്കുറിച്ചു അല്ലെന്നും, അദാനിയെ പറഞ്ഞാൽ കേന്ദ്ര നേതാവിന് പൊള്ളുമെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. മുമ്പ് പറഞ്ഞത് വസ്‌തുത മാത്രമാണ്. കേന്ദ്രം പത്ത് വർഷമായി വേട്ടയാടുന്നുവെന്നും, നരേന്ദ്രമോദിക്ക് ആഗ്രഹമെങ്കിൽ തന്നെ ജയിലിൽ അടക്കാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയ ചർച്ച തുടരുന്നതിനിടെയാണ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ എത്തിയത്. തന്റെ അംഗത്വം തിരിച്ചു തന്നതിൽ നന്ദിയറിച്ചാണ് രാഹുൽ പ്രസംഗം ആരംഭിച്ചത്. മണിപ്പൂരിൽ കൊല്ലപ്പെട്ടത് ഭാരത മാതാവ് ആണെന്നാണ് രാഹുലിന്റെ ആരോപണം.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഞാൻ മണിപ്പൂരിൽ പോയി. മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി ഇതുവരെ പോയില്ല. ഇന്ത്യയുടെ ശബ്‌ദം കേൾക്കാൻ പ്രധാനമന്ത്രി തയ്യാറല്ല. മണിപ്പൂരിലെ സർക്കാർ രണ്ടായി വിഭജിച്ചു. ബിജെപി രാജ്യസ്‌നേഹികളല്ല. രാജ്യദ്രോഹികളാണ്. മണിപ്പൂർ എന്താ ഇന്ത്യയിൽ അല്ലേ? മകന്റെ മൃതദേഹത്തിന് കാവലിരിക്കേണ്ടി വന്ന ഒരമ്മയെ ഞാൻ കണ്ടു. അവരോട് സംസാരിച്ചു. നേരിട്ട അതിക്രമങ്ങളെ കുറിച്ച് പറയുമ്പോൾ സ്‌ത്രീകൾ തളർന്നു വീഴുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ബിജെപി മണിപ്പൂരിനെ രണ്ടായി വിഭജിച്ചു. മണിപ്പൂരിൽ ഭാരതത്തെ കൊന്നു. ഭാരതം ജനങ്ങളുടെ ശബ്‌ദമാണ്. ആ ശബ്‌ദമാണ് മണിപ്പൂരിൽ നിങ്ങൾ ഇല്ലാതാക്കിയത്. ഭാരത മാതാവിനെയാണ് നിങ്ങൾ കൊലപ്പെടുത്തിയത്. ഓരോ ദിവസവും നിങ്ങൾ അതിക്രമം നടത്തുമ്പോൾ ഭാരതമെന്ന മാതാവിനെയാണ് നിങ്ങൾ ഇല്ലാതാക്കുന്നത്. ഭാരതമാതാവിന്റെ കൊലയാളികളാണ് നിങ്ങൾ. രാജ്യം മുഴുവൻ നിങ്ങൾ കത്തിക്കുകയാണ്. നിങ്ങൾ രാജ്യദ്രോഹികളാണെന്നും രാഹുൽ വിമർശിച്ചു.
ഭാരത് ജോഡോ യാത്ര തുടരും. യാത്രയിൽ നിരവധി പാഠങ്ങൾ പഠിച്ചു. ജനങ്ങളുടെ ക്ളേശം മനസിലായി. ഭാരത് ജോഡോയിൽ നിന്ന് നിരവധി കാര്യങ്ങൾ പഠിച്ചു. യാത്ര ആരംഭിച്ചപ്പോൾ എനിക്ക് ആശങ്ക ഉണ്ടായിരുന്നു. എന്നാൽ, പ്രതിസന്ധികളിൽ ഏതെങ്കിലും ഒരു ശക്‌തി എനിക്ക് സഹായത്തിനായി വരുമെന്നും രാഹുൽ പരാമർശിച്ചു. രാഹുലിന്റെ പ്രസംഗത്തിനിടെ ഭരണപക്ഷം ബഹളം തുടരുകയായിരുന്നു.
Most Read| ‘പിതാവിന്റെ ഓർമകൾക്കൊപ്പം രാഷ്‌ട്രീയവും ചർച്ചയാവും’; ചാണ്ടി ഉമ്മൻ കളത്തിലേക്ക്