കോട്ടയം: പിതാവിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ചു ചാണ്ടി ഉമ്മൻ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. പുതുപ്പള്ളിയിലേത് രാഷ്‌ട്രീയ പോരാട്ടമെന്ന് ഒരിക്കൽ കൂടി ഊന്നിപ്പറഞ്ഞാണ് യുഡിഎഫ് സ്‌ഥാനാർഥി ചാണ്ടി ഉമ്മൻ കളത്തിലേക്കിറങ്ങുന്നത്. ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്കൊപ്പം രാഷ്‌ട്രീയവും ചർച്ചയാവുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
‘ഇത്ര വേഗത്തിൽ തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചില്ല. അച്ഛന്റെ മരണം കഴിഞ്ഞു ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പിന് ഇറങ്ങേണ്ടി വരുന്നതിൽ മാനസിക ബുദ്ധിമുട്ടുണ്ട്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം എന്ന നിലയിൽ സ്‌ഥാനാർഥിത്വം ഏറ്റെടുക്കുന്നുവെന്നും’ ചാണ്ടി ഉമ്മൻ പറഞ്ഞു.
‘ഉമ്മൻ ചാണ്ടിയാവാൻ തനിക്ക് കഴിയില്ല. ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയാവുക എന്നത് വെല്ലുവിളിയാണ്. അതൊരു സമ്മർദ്ദമാണ്. സൂര്യനായിരുന്നു ഉമ്മൻ ചാണ്ടി. സൂര്യന്റെ പ്രഭയിൽ നിൽക്കുന്ന ചന്ദ്രൻ മാത്രമാണ് താൻ. ഞാൻ പിൻഗാമിയാകണമെന്ന് പിതാവിന് ആഗ്രഹം ഉണ്ടായിരുന്നിരിക്കാം. ഉമ്മൻചാണ്ടിക്കെതിരായ സിപിഎം വിമർശനങ്ങൾക്ക് മറുപടി പറയാനില്ലെന്നും’ ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇന്ന് രാവിലെ പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയ്‌ക്ക് അരികിലെത്തി ചാണ്ടി ഉമ്മൻ പ്രാർഥിച്ചു. ആളുകളെ നേരിൽക്കണ്ട് പ്രചാരണം നടത്താനാണ് ചാണ്ടി ഉമ്മന്റെ നീക്കം. അതേസമയം, സിപിഎം സ്‌ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സ്‌ഥാനാർഥി പ്രഖ്യാപനം ശനിയാഴ്‌ച ഉണ്ടാകുമെന്നാണ് റിപ്പോർട്. കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ജെയ്‌ക് സി തോമസ് അടക്കം നാല് പേരാണ് നിലവിൽ പരിഗണനയിലുള്ളത്.
Most Read| വീണ വിജയന്റെ മാസപ്പടി വിവാദം; സഭയിൽ ആയുധമാക്കാൻ പ്രതിപക്ഷം