തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദം നിയമസഭയിൽ ആയുധമാക്കാൻ പ്രതിപക്ഷം. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ഇനത്തിൽ മൂന്ന് വർഷത്തിനിടെ ലഭിച്ചത് 1.72 കോടി രൂപയെന്ന് ആദായനികുതി വകുപ്പ് തർക്ക പരിഹാര ബോർഡ് കണ്ടെത്തിയിരുന്നു.
സേവനം നൽകാതെ പണം നൽകിയതെന്നാണ് വിവാദമായ കണ്ടെത്തൽ. ഈ പണം നൽകിയത് പ്രമുഖ വ്യക്‌തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്ന് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ന്യൂഡെൽഹി ബെഞ്ച് തീർപ്പ് കൽപ്പിച്ചിരുന്നു. നേരത്തെയും സഭയിൽ വീണയുടെ സ്‌ഥാപനത്തിന്റെ ഇടപാട് ചർച്ചയായിട്ടുണ്ട്. വിഷയം വീണ്ടും ചർച്ചയാക്കാനാണ് യുഡിഎഫ് നീക്കം.
സഭയുടെ ആദ്യദിനമായ ഇന്നലെ വിലക്കയറ്റം ഉൾപ്പടെ ചർച്ചയായിരുന്നു. മന്ത്രി ജിആർ അനിലും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിൽ വാക്ക്പോരും ഉണ്ടായി. സപ്ളൈകോയിൽ നിന്നുള്ള സാധനങ്ങളുടെ ലഭ്യതയെ കുറിച്ചായിരുന്നു ചർച്ച. അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയേക്കും. ഇന്ന് ചേരുന്ന കാര്യോപദേശ സമിതി ഇ വിഷയത്തിൽ അന്തിമതീരുമാനം എടുക്കും. 24 വരെ സഭ ചേരാനായിരുന്നു തീരുമാനം.
Most Read| ‘സിദ്ദിഖിന് വിട’; രാവിലെ മുതൽ കൊച്ചിയിൽ പൊതുദർശനം- സംസ്‌കാരം വൈകിട്ട്