കൊച്ചി: അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ(68) ഖബറടക്കം ഇന്ന് വൈകിട്ട് നടക്കും. ഇന്ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് മൃതദേഹം കാക്കനാട് പള്ളിക്കരയിലെ സ്വവസതിയിലേക്ക് കൊണ്ടുപോകും. വൈകിട്ട് ആറുമണിക്ക് എറണാകുളം സെൻട്രൽ ജുമാ മസ്‌ജിദിൽ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും ഖബറടക്കം.
ചൊവ്വാഴ്‌ച രാത്രി ഒമ്പത് മണിയോടെയാണ് സിദ്ദിഖ്, കൊച്ചി അമൃത ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്. കരൾ രോഗ ബാധിതനായി രണ്ടുമാസത്തോളം ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമായത്. മലയാള സിനിമയിൽ ചിരിയുടെ പുതുവഴി തുറക്കുകയും തമിഴിലും ഹിന്ദിയിലും വരെ ഹിറ്റ്‌മേക്കർ ആക്കുകയും ചെയ്‌ത ജനപ്രിയ സംവിധായകനാണ് വിടവാങ്ങിയത്.
1986ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുക്കളായാണ് സിദ്ദിഖും ലാലും അരങ്ങേറ്റം കുറിച്ചത്. 1989ല്‍ റാംജി റാവു സ്‌പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സിദ്ദിഖ് തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലും സജീവമായിരുന്നു. പിന്നീട്, ലാലിനൊപ്പവും അല്ലാതെയും അദ്ദേഹം ചെയ്‌ത ചിത്രങ്ങളിൽ മിക്കതും മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളാണ്.
റാംജി റാവു സ്‌പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല, ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ച്‌ലര്‍, ബോഡി ഗാര്‍ഡ്, കാവലന്‍, ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍, ഭാസ്‌കര്‍ ദ് റാസ്‌കല്‍, ഫുക്രി, ബിഗ് ബ്രദര്‍ തുടങ്ങിയവയാണു പ്രധാന ചിത്രങ്ങള്‍. നിരവധി ചിത്രങ്ങള്‍ക്കു തിരക്കഥ ഒരുക്കുകയും ചെയ്‌തു. ഇതിനിടെ പല സിനിമകളിലും അഭിനേതാവിന്റെ കുപ്പായവും സിദ്ദിഖ് അണിഞ്ഞു. 2011ൽ ‘ബോഡി ഗാര്‍ഡ്’ ഹിന്ദിയിൽ സൽമാൻഖാനേയും കരീന കപൂറിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്‌തു ബോക്‌സോഫീസിൽ ഇദ്ദേഹം റെക്കോർഡ് തീർത്തു.
Most Read| നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ