കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യുഡിഎഫിന്റെ സ്‌ഥാനാർഥി. ഡെൽഹിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് ചാണ്ടി ഉമ്മന്റെ പേര് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു മണിക്കൂറുകൾക്കകമാണ് യുഡിഎഫിന്റെ സ്‌ഥാനാർഥി പ്രഖ്യാപനം.
സ്‌ഥാനാർഥി നിർണയത്തിൽ തുടക്കം മുതൽ ഒരു പേരുമാത്രമാണ് ഉയർന്നുവന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. സെപ്‌റ്റംബർ അഞ്ചിനാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്‌റ്റ് 17 ആണ്.
സൂക്ഷ്‌മ പരിശോധന ഓഗസ്‌റ്റ് 18, നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഓഗസ്‌റ്റ് 21. വോട്ടെണ്ണൽ സെപ്‌റ്റംബർ എട്ടിനും നടക്കും. പുതുപ്പള്ളി ഉൾപ്പടെ ഏഴ് നിയോജക മണ്ഡങ്ങളിൽ കൂടി അന്നേ ദിവസം ഉപതിരഞ്ഞെടുപ്പ് നടക്കും. ജാർഖണ്ഡിലെ ധുമ്രി, ത്രിപുരയിലെ ബോക്‌സാനഗർ, ധൻപുർ, ബംഗാളിലെ ധുപ്‌ഗിരി, ഉത്തർപ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നിവിടങ്ങളിലാണ് സെപ്റ്റംബർ അഞ്ചിന് ഉപതിരഞ്ഞെടുപ്പ് നടക്കുക.
യൂത്ത് കോൺഗ്രസ് ദേശീയ ഔട്ട്‌റീച്ച് സെൽ ചെയർമാനാണ് ചാണ്ടി ഉമ്മൻ. കെപിസിസി അംഗമാണ്. ഡെൽഹി സെന്റ് സ്‌റ്റീഫൻസ് കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദം നേടിയ ചാണ്ടി ഉമ്മൻ, ഡെൽഹി സർവകലാശാലയിൽ നിന്നും നിയമ ബിരുദം നേടി. 53 വർഷം തുടർച്ചയായി ഉമ്മൻ ചാണ്ടി പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി.
അതേസമയം, മൂന്ന് സ്ഥാനാർഥികളുടെ പേരാണ് സിപിഐഎമ്മിൽ നിന്ന് പരിഗണനയിലുള്ളത്. റെജി സഖറിയ, ജെയ്‌ക് സി തോമസ്, സുഭാഷ് പി വർഗീസ് എന്നിവരാണ്. അനിൽ ആന്റണിയുടെയും ജോർജ് കുര്യന്റേയും പേരാണ് ബിജെപി പരിഗണിക്കുന്നത്.
Most Read| ഏക സിവിൽ കോഡ്; പ്രമേയം പാസാക്കി കേരള നിയമസഭ; രാജ്യത്ത് ആദ്യം