മുംബൈ: ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും ഷൂട്ടിങ് തടയുമെന്ന ഭീഷണിയുമായി മഹാരാഷ്ട്ര കോൺഗ്രസ്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാന പടോലെയാണ് ഇരുവർക്കും എതിരെ ഭീഷണിയുമായി രംഗത്ത് എത്തിയത്. പെട്രോൾ, ഡീസൽ വില കുതിച്ചുയർന്നിട്ടും താരങ്ങൾ പ്രതികരിക്കാതെ നിശബ്ദത പാലിക്കുന്നതാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനെ ചൊടിപ്പിച്ചത്.
യുപിഎ ഭരണകാലത്ത് ഇന്ധനവില ഉയർന്നപ്പോൾ അമിതാഭ് ബച്ചനും അക്ഷയ് കുമാറും വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. ഇത് ചൂണ്ടികാട്ടിയാണ് നാന പടോലെയുടെ ഭീഷണി. മോദി സർക്കാർ ദിവസേന രാജ്യത്തെ പെട്രോൾ വില ഉയർത്തുമ്പോൾ അതിന് എതിരെ പ്രതികരിക്കാൻ ഇരുവർക്കും ഭയമാണെന്ന് നാന പടോലെ ആരോപിച്ചു.
ഇന്ധനവിലയിലെ വർധനവ് സാധാരണക്കാരന്റെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മോദി സർക്കാരിന്റെ രാജ്യവിരുദ്ധ നയങ്ങൾക്ക് എതിരെ പ്രതികരിക്കാൻ തയാറായില്ലെങ്കിൽ ബച്ചന്റെയും അക്ഷയ് കുമാറിന്റെയും സിനിമാ ചിത്രീകരണം തടയുമെന്നും മുംബൈയിൽ ചിത്രീകരണം അനുവദിക്കില്ലെന്നും നാന പടോലെ വ്യക്തമാക്കി.
അതേസമയം, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്ധന വില 100 കടന്നു. മുംബൈയിൽ 96.32 രൂപയാണ് പെട്രോളിന്റെ വില. ഡീസലിന് 87.32 രൂപയുമാണ് വില.
Read also: ലോക്സഭാ സ്ഥാനാർഥിത്വം; മുസ്ലിം ലീഗ് നേതൃത്വത്തിൽ സമ്മർദ്ദം ശക്തമാക്കി നേതാക്കൾ







































