തൃശൂർ: വിയ്യൂർ ജയിലിലെ ഫോൺ വിളി വിവാദത്തിൽ ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ്. ജയിൽ സൂപ്രണ്ട് എജി സുരേഷ് ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് ജയിൽ മേധാവിയുടെ ഉത്തരവ്. സംഭവത്തിൽ ജയിൽ സൂപ്രണ്ട് എജി സുരേഷിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്നാണ് കണ്ടെത്തൽ.
സൂപ്രണ്ടിന്റെ ഓഫിസിൽ ഇരുന്ന് പോലും പ്രതികൾ ഫോൺ വിളിച്ചെന്നും ഇതിനായി സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഒത്താശ ചെയ്തെന്നും ഉത്തരമേഖല ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സൂപ്രണ്ട് സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്നു എന്നതടക്കമുള്ള ആരോപണങ്ങൾ ഉൾപ്പെടുന്ന റിപ്പോർട് ഡിഐജി എംകെ വിനോദ് കുമാർ ജയിൽ മേധാവി ഷെയ്ഖ് ദർവേശ് സാഹിബിനു കൈമാറി.
ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി, ഫ്ളാറ്റ് കൊലക്കേസ് പ്രതി റഷീദ് എന്നിവരിൽ നിന്ന് പിടിച്ചെടുത്ത ഫോണുകളിൽ നിന്ന് ആയിരത്തിലേറെ വിളികൾ നടത്തിയിട്ടുണ്ടെന്ന പോലീസ് റിപ്പോർട്ടിനെ തുടർന്നാണ് വകുപ്പുതല അന്വേഷണം നടത്തിയത്. പ്രതികൾ ആരെയൊക്കെ വിളിച്ചന്നറിയാൻ പ്രത്യേക ഏജൻസി അന്വേഷിക്കണമെന്നാണ് ശുപാർശ.
Read Also: സംസ്ഥാനത്തെ നാലാമത് അത്യാധുനിക മരുന്ന് പരിശോധനാ ലബോറട്ടറി കോന്നിയില്‍ സജ്ജമായി






































