കോട്ടയം: എസ്എൻഡിപി യോഗവുമായുള്ള ഐക്യ ശ്രമത്തിൽ നിന്ന് പിൻമാറി എൻഎസ്എസ്. ഐക്യം പ്രായോഗികമല്ലെന്നാണ് എൻഎസ്എസ് ഡയറക്‌ടർ ബോർഡിന്റെ തീരുമാനം. രാഷ്‌ട്രീയ നീക്കമുണ്ടെന്ന് മനസിലാക്കിയതുകൊണ്ടാണ് പിൻമാറാൻ കാരണമെന്ന് ജി. സുകുമാരൻ നായർ പറഞ്ഞു.
എൻഎസ്എസിന് എല്ലാ പാർട്ടികളോടും സമദൂരമായിരിക്കുമെന്നും സുകുമാരൻ നായർ യോഗത്തിൽ വ്യക്‌തമാക്കി. പ്രധാനപ്പെട്ട രണ്ട് ഹിന്ദു സംഘടനകൾ യോജിക്കണമെന്ന് താൻ പറഞ്ഞത് ശരിയാണ്. എന്നാൽ, ഐക്യം ഉന്നയിച്ച ആളുകൾക്ക് രാഷ്‌ട്രീയ നീക്കമുണ്ടെന്ന് പിന്നീട് മനസിലാക്കി. തുഷാർ വെള്ളാപ്പള്ളി വരേണ്ടതില്ലെന്ന് നേരത്തെ തന്നെ വെള്ളാപ്പള്ളിയെ അറിയിച്ചിട്ടുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.
അടിസ്‌ഥാന മൂല്യങ്ങളിൽ പ്രധാനപ്പെട്ടതാണ് സമദൂരം. അതിൽ വിട്ടുവീഴ്‌ച ചെയ്യില്ല. ഐക്യത്തിൽ നിന്ന് പിൻവാങ്ങാനുള്ള പ്രമേയം താൻ തന്നെയാണ് അവതരിപ്പിച്ചത്. അച്ഛൻ മകനെ പറഞ്ഞയക്കുക. ഐക്യം പറയുമ്പോൾ എന്തിനാണ് എൻഡിഎയുടെ നേതാവിനെ ഞങ്ങളുടെ അടുത്തേക്ക് പറഞ്ഞയക്കുന്നത്. അവരുടെ സമീപനത്തിൽ ഞങ്ങൾക്ക് സംശയം തോന്നി.
വെള്ളാപ്പള്ളി നടേശൻ നേരിട്ട് വന്നാലും ഞങ്ങൾ ഞങ്ങളുടെ നിലപാട് നേരിട്ട് പറയുമായിരുന്നു. വെള്ളാപ്പള്ളി നടേശന് പത്‌മഭൂഷൺ ലഭിച്ചത് നല്ല കാര്യമാണെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. അതേസമയം, എൻഎസ്എസ് തീരുമാനത്തിന്റെ പൂർണരൂപം അറിഞ്ഞശേഷം മറുപടി പറയാമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
നേരത്തെ വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും കൂടിക്കാഴ്‌ച നടത്തി ഐക്യ നീക്കം ശക്‌തമാക്കിയിരുന്നു. എന്നാൽ, ഐക്യശ്രമങ്ങളുമായി മുന്നോട്ടുപോകുന്നതിനെ ഡയറക്‌ടർ ബോർഡിലെ ഭൂരിഭാഗം പേരും എതിർത്തതോടെയാണ് സംയുക്‌ത നീക്കത്തിൽ നിന്ന് പിൻമാറാൻ സംഘടന തീരുമാനിച്ചത്.
ഐക്യ നീക്കത്തിന് ദൂതനായി വെള്ളാപ്പള്ളി നടേശൻ, മകൻ തുഷാർ വെള്ളപ്പള്ളിയെ നിയോഗിച്ചതാണ് തിരിച്ചടിയായത് എന്നാണ് വ്യക്‌തമാകുന്നത്. ബിജെപി മുന്നണിയായ എൻഡിഎയുടെ പ്രമുഖ നേതാവായ തുഷാർ വെള്ളാപ്പള്ളി സാമുദായിക ഐക്യ നീക്കത്തിന് ദൂതനാകുന്നതിലെ രാഷ്‌ട്രീയം ചോദ്യമാകുമെന്ന് ഉറപ്പായിരുന്നു. ഇതുകൂടി വിലയിരുത്തിയാണ് എൻഎസ്എസിന്റെ പിൻമാറ്റം.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക






































