മുംബൈ: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം നീട്ടിവച്ചു. ഒമൈക്രോണ്‍ വകഭേദത്തിന്റെ പശ്‌ചാത്തലത്തില്‍ പര്യടനം നീട്ടിവെക്കാന്‍ ഇന്ന് കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് വീതം ടെസ്‌റ്റുകളും ഏകദിനങ്ങളും നാല് ടി-20യുമുള്ള ദക്ഷിണാഫ്രിക്ക-ഇന്ത്യ പരമ്പര ഡിസംബര്‍ 17 മുതല്‍ ജനുവരി 26 വരെ നടത്താനാണ് നേരത്തെ നിശ്‌ചയിച്ചിരുന്നത്.
ന്യൂസിലന്‍ഡിനെതിരായ ടെസ്‌റ്റ് പരമ്പര അവസാനിച്ച ശേഷം ഡിസംബര്‍ എട്ടിനോ ഒന്‍പതിനോ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം മോശമായതിനെ തുടര്‍ന്ന് പരമ്പര നീട്ടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. പര്യടനം വൈകിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
വിഷയത്തിൽ കേന്ദ്ര സര്‍ക്കാർ, ക്രിക്കറ്റ് സൗത്താഫ്രിക്ക എന്നിവരുമായി ബിസിസിഐ ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ മൂന്ന് ചതുര്‍ദിന അനൗദ്യോഗിക ടെസ്‌റ്റ് മൽസരങ്ങള്‍ കളിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യ എ ടീമിനെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബിസിസിഐ ഇതുവരെ തിരിച്ചുവിളിച്ചിട്ടില്ല. നേരത്തെ, ഒമൈക്രോണ്‍ പശ്‌ചാത്തലത്തില്‍ നെതര്‍ലൻഡ്‌സിനെതിരായ മൂന്ന് മൽസരങ്ങളുടെ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക നീട്ടിവച്ചിരുന്നു.
Read Also: ‘ഷബാഷ് മിത്തു’; മിതാലി രാജിന്റെ ബയോപിക് ഫെബ്രുവരിയിൽ