ലഖ്‌നൗ: യുപി തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്‌ഥാനാർഥിയാകുമെന്ന് പറഞ്ഞിട്ടില്ലെന്ന പ്രിയങ്കാ ഗാന്ധിയുടെ പ്രസ്‌താവനക്ക് പിന്നാലെ പരിഹാസവുമായി ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി. ബിജെപിയുടെയും ഇതര പാർട്ടികളുടേയും വോട്ടുകൾ ഭിന്നിപ്പിക്കുക മാത്രമാണ് കോൺഗ്രസിന് സാധിക്കുക എന്നായിരുന്നു മായാവതിയുടെ പരിഹാസം.
യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്‌ഥാനം പരിതാപകരമാണെന്നും മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ഉള്ളിൽതന്നെ പ്രസ്‌താവന പിൻവലിച്ച പാർട്ടിയാണ് കോൺഗ്രസെന്നും മായാവതി പറഞ്ഞു. ജനങ്ങൾ കോൺഗ്രസിന് വേണ്ടി വോട്ട് പാഴാക്കാതെ ബിഎസ്‌പിക്ക് നൽകണമെന്നും മായാവതി കൂട്ടിച്ചേർത്തു.
എഐസിസി ആസ്‌ഥാനത്ത് യുവജന പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ യുപി കോൺഗ്രസിൽ തന്റെ മുഖമല്ലാതെ മറ്റാരെയെങ്കിലും കാണുന്നുണ്ടോയെന്ന് പ്രിയങ്ക ചോദിച്ചിരുന്നു. തുടർന്നാണ് പ്രിയങ്കയാണ് മുഖ്യമന്ത്രി സ്‌ഥാനാർഥി എന്ന തരത്തിൽ പ്രചാരണം വന്നത്. തുടർന്ന് ഇക്കാര്യം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ചൂണ്ടിക്കാട്ടി പ്രിയങ്ക തന്നെ രംഗത്തെത്തിയിരുന്നു. താൻ മൽസരിക്കുമോ എന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായിട്ടില്ലെന്നും പ്രിയങ്ക വ്യക്‌തമാക്കിയിരുന്നു.
യുപിയിലെ 403 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതൽ ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. തിരഞ്ഞെടുപ്പിൽ മായാവതി മൽസരിക്കില്ലെന്നാണ് റിപ്പോർട്.
Read also: പഞ്ചാബ് തിരഞ്ഞെടുപ്പ്; ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് അമരീന്ദര്‍







































