തിരുവനന്തപുരം: ഒരു കേസിന് പിന്നാലെ മറ്റൊന്ന് എന്ന തരത്തിൽ സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് മറുനാടൻ മലയാളി ചാനൽ ഉടമ ഷാജൻ സ്കറിയ. പോലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന പുതിയ കേസിൽ ചോദ്യം ചെയ്യലിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആലുവ പോലീസ് തന്നെ അറസ്റ്റ് ചെയ്യാൻ ശ്രമം നടത്തുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് ചോദ്യം ചെയ്യുന്നതിനിടെ ആയിരുന്നു ആലുവ പോലീസിന്റെ നീക്കമെന്നും ഷാജൻ സ്കറിയ പറഞ്ഞു.
പ്രധാനമന്ത്രി കേരളം സന്ദർശിച്ചപ്പോൾ സുരക്ഷാ വീഴ്ച സംഭവിച്ചത് സംബന്ധിച്ച് ചെയ്ത വിശകലനം, മോദിയെ സ്നേഹിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ചെയ്തെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് ഇന്ന് എടുത്ത കേസ്. ഇന്ന് ചോദ്യം ചെയ്തു. നാളെയും വരണമെന്ന് പറഞ്ഞിട്ടുണ്ട്. ചോദ്യം മുഴുവനും ആ വീഡിയോയുമായി ബന്ധപ്പെട്ടാണ്. കൃത്യമായ മറുപടിയും നൽകിയിട്ടുണ്ടെന്ന് ഷാജൻ സ്കറിയ പറഞ്ഞു.
‘എന്നാൽ, ചോദ്യം ചെയ്യലിനിടയിൽ മറ്റൊരു കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യാനുള്ള നീക്കവും നടന്നു. ആലുവ പോലീസ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസിന്റെ വയർലെസ് സന്ദേശം സാങ്കേതികവിദ്യ ഉപയോഗിച്ച് മോഷ്ടിച്ച് ചാരപ്രവർത്തനത്തിന് ഉപയോഗിച്ചെന്നാണ് കേസ്. പോലീസ് നോട്ടീസ് നൽകിയിട്ടില്ല. കേസ് സംബന്ധിച്ച വിശദമായ കാര്യങ്ങൾ അറിയില്ല. ഒരു കേസ് കഴിഞ്ഞാൽ അടുത്ത കേസെന്ന നിലയിൽ ജയിലിൽ അടക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. പക വീട്ടലാണ് നടക്കുന്നത്’- ഷാജൻ സ്കറിയ വിശദമാക്കി.
മുഖ്യമന്ത്രിയും എഡിജിപി അജിത് കുമാറും ചേർന്നുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. എന്നെ ജയിലിൽ അടച്ചിരിക്കുമെന്ന് പോലീസുകാർ തന്നെ പറഞ്ഞിട്ടുണ്ട്. ഇനി അവർ അതിനായി പരിശ്രമിക്കും. ഞാൻ എല്ലാ മാദ്ധ്യമങ്ങൾക്കും വേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നത്. ഭരണഘടനയെ വിശ്വസിക്കുന്നയാളാണ് ഞാൻ. അഭിപ്രായം പറയാൻ അവകാശമുണ്ട്. പറയാനുള്ളത് പറഞ്ഞുകൊണ്ടിരിക്കും. വാ തുറക്കരുത്, മിണ്ടരുത്, ആരെയും വിമർശിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞാൽ താൻ അനുസരിക്കുമെന്നും ഷാജൻ സ്കറിയ കൂട്ടിച്ചേർത്തു.
Most Read| കേന്ദ്ര മന്ത്രിമാരുടെ വിദേശ യാത്രകൾ റദ്ദാക്കണമെന്ന് ബിജെപി