ന്യൂഡെൽഹി: ഡെൽഹിയിൽ റിപ്പബ്ളിക് ദിനത്തിൽ നടന്ന ട്രാക്ടർ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ ആരോപണ വിധേയനായ പഞ്ചാബി നടൻ ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡെൽഹി പോലീസ്.
ചെങ്കോട്ടയിൽ കർഷകരുടെ കൊടി ഉയർത്തിയത് ഉൾപ്പടെയുള്ള അനിഷ്ട സംഭവങ്ങൾക്ക് നേതൃത്വം നൽകിയത് ദീപ് സിദ്ദുവും സംഘവുമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ചെങ്കോട്ടയിൽ നടന്ന അക്രമങ്ങളിൽ തങ്ങൾക്ക് ബന്ധമില്ലെന്നും ദീപ് സിദ്ദുവിനെ സമരത്തിൽനിന്ന് ഒഴിവാക്കിയിരുന്നുവെന്നും കർഷക നേതാക്കൾ വ്യക്തമാക്കി.
ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിൽക്കുന്ന ദീപ് സിദ്ദുവിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ഇയാൾ ബിജെപി അനുഭാവി ആണെന്ന അഭ്യൂഹം രൂക്ഷമായി. ഡെൽഹി പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
കർഷക സമരത്തെ പിന്തുണക്കുന്ന നിരവധി നേതാക്കളും ദീപ് സിദ്ദുവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ചെങ്കോട്ടയിൽ മൈക്രോഫോണുമായാണ് ദീപ് സിദ്ദു എത്തിയതെന്നും കർഷക പ്രതിഷേധകരെ വഴിതിരിച്ച് വിട്ടത് ഇയാളാണെന്നുമായിരുന്നു നേതാക്കളുടെ ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സാമൂഹ്യ പ്രവർത്തകനായ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.
എന്നാൽ, കർഷക നേതാക്കളുടെ ആരോപണങ്ങളെ തള്ളി ദീപ് സിദ്ദു സമൂഹ മാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. അറസ്റ്റ് തനിക്ക് ഭയമില്ലെന്നും കർഷക സമരത്തിന് വേണ്ടി തന്നെ തന്നെ സമർപ്പിച്ചുവെന്നും സിദ്ദു പറഞ്ഞു. ചെങ്കോട്ടയിൽ ഉയർത്തിയത് സിഖ് പതാകയാണെന്നും പ്രതിഷേധിക്കാനുള്ള അവകാശത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തതെന്നും സിദ്ദു ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. ദേശീയ പതാക താൻ അഴിച്ചുമാറ്റിയിരുന്നില്ല എന്നും ദീപ് സിദ്ദു വ്യക്തമാക്കി.
Also Read: കർഷക പ്രശ്നം; പാർലമെന്റിൽ 15 മണിക്കൂർ ചർച്ച; എംപിമാർക്ക് സസ്പെൻഷൻ