കോഴിക്കോട്: ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിർത്തി കാറിൽ തട്ടിക്കൊണ്ട് പോയ ശേഷം പണം അപഹരിച്ച കേസിൽ പ്രതി പിടിയിൽ. ഒളിവിൽ കഴിയുകയായിരുന്ന പ്രതി രണ്ട് വർഷത്തിന് ശേഷമാണ് ഇപ്പോൾ പിടിയിലായത്. എരവട്ടൂർ മാവുള്ളപറമ്പിൽ ഹംസാദ് എന്ന നൗഷാദ്(40) ആണ് സംഭവത്തിൽ കുറ്റ്യാടി പോലീസിന്റെ പിടിയിലായത്.
2019 ജൂൺ 22നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കായക്കൊടി ചങ്ങരംകുളത്തെ കുറ്റിയിൽ അനൂപിനെയാണ് തട്ടിക്കൊണ്ട് പോയത്. വടകരയിലെ സിഡിഎമ്മിൽ പണം അടക്കാൻ ബൈക്കിൽ പോകുമ്പോൾ കാക്കുനി അരൂർ റോഡിൽ ഇയാളെ തടഞ്ഞു നിർത്തുകയും തുടർന്ന് കാറിൽ തട്ടിക്കൊണ്ട് പോകുകയുമായിരുന്നു. ശേഷം പണവും ബൈക്കും അപഹരിച്ച ശേഷം ഇയാളെ കുറച്ചകലെ ഇറക്കി വിടുകയും ചെയ്തു.
സംഭവത്തിന് ശേഷം പ്രതി കായംകുളത്ത് ഒളിവിൽ കഴിയുകയായിരുന്നു. അന്വേഷണത്തിൽ കുറ്റ്യാടി ഇൻസ്പെക്ടർ ടിപി ഫർഷാദ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ 3 പ്രതികൾ അറസ്റ്റിലായിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Read also: ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്


































