കുവൈറ്റ് : വാക്സിനെടുക്കാത്ത ആളുകൾക്ക് പൊതു സ്ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച് കുവൈറ്റ്. ജൂൺ 27ആം തീയതി മുതലാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക. ഇതിന്റെ ഭാഗമായി മാളുകള്‍, റസ്റ്റോറന്റുകള്‍, ജിമ്മുകള്‍, സലൂണുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വാക്സിനെടുക്കാത്ത ആളുകൾക്ക് വിലക്കേര്‍പ്പെടുത്തുന്നത്.
എന്നാൽ റസ്റ്റോറന്റുകളുടെയും, മറ്റ് കടകളുടെയും ഉടമസ്ഥർക്ക് ഇത് ബാധകമാക്കിയിട്ടില്ല. നിയന്ത്രണം ഏർപ്പെടുത്തുന്നതോടെ കോവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ച ആളുകൾക്കായിരിക്കും പൊതു സ്ഥലങ്ങളിൽ പ്രവേശനം അനുവദിക്കുക. ഇതിനായി മൊബൈൽ ആപ്ളിക്കേഷനിൽ വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതരെ കാണിക്കണം.
ആപ്ളിക്കേഷനില്‍ വാക്സിന്റെ രണ്ട് ഡോസുകള്‍ അല്ലെങ്കില്‍ ഒരു ഡോസ് സ്വീകരിച്ചതിനെ സൂചിപ്പിക്കുന്ന പച്ച അല്ലെങ്കില്‍ ഓറഞ്ച് കളര്‍ കോഡ് ഉള്ളവര്‍ക്ക് പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കാം. എന്നാൽ വാക്സിൻ എടുക്കാത്തതിനെ സൂചിപ്പിക്കുന്ന റെഡ് കളർ ആപ്ളിക്കേഷനിൽ കാണിക്കുന്നവർക്ക് പ്രവേശനം നിഷേധിക്കും. രാജ്യത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധത്തിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്.
Read also : രാമക്ഷേത്ര നിർമാണം; പുരോഗതി വിലയിരുത്താൻ നാളെ ഉന്നതതല യോഗം







































