തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ മൈക്ക് തകരാറിലായ സംഭവത്തിൽ കേസെടുത്ത് കന്റോൺമെന്റ് പോലീസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിങ് വരുത്തി സുരക്ഷാ പ്രശ്നം ഉണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു.
എന്നാൽ, എഫ്ഐആറിൽ ആരെയും പ്രതിയാക്കിയിട്ടില്ല. തിങ്കളാഴ്ച കെപിസിസിയുടെ നേതൃത്വത്തിൽ അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിനിടെയാണ് മുഖ്യമന്ത്രി പ്രസംഗിക്കാൻ എത്തിയപ്പോൾ ശബ്ദം തടസപ്പെട്ടത്. സംഭവത്തിൽ, മൈക്ക്, ആംബ്ളിഫയർ, വയർ എന്നിവ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തും.
മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനഃപൂർവമാണോ അതോ സാങ്കേതിക പ്രശ്നമാണോ എന്നാണ് പരിശോധിക്കുക. പരിശോധനക്ക് ശേഷം കസ്റ്റഡിയിൽ എടുത്ത സാമഗ്രികൾ വിട്ടുകൊടുക്കുമെന്നും പോലീസ് അറിയിച്ചു. സംഭവത്തെ പരിഹസിച്ചു കോൺഗ്രസ് രംഗത്തെത്തി. കേസെടുത്തത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് കോൺഗ്രസ് പറഞ്ഞു. മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ഉമ്മൻചാണ്ടിക്ക് മുദ്രാവാക്യം വിളിച്ചത് അനാദരവായി കാണേണ്ടതില്ലെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
Most Read: എംവി ഗോവിന്ദനെതിരായ മാനനഷ്ടക്കേസ്; കെ സുധാകരന്റെ ഹരജി കോടതി ഇന്ന് പരിഗണിക്കും