ന്യൂഡെൽഹി: (Operation Ajay) ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം ഇന്ത്യയിലെത്തി. AI 140 വിമാനമാണ് ഡെൽഹിയിലെത്തിയത്. രണ്ടാഘട്ട സംഘത്തിൽ 235 ഇന്ത്യക്കാരാണുള്ളത്. ഇതിൽ 16 മലയാളികളാണെന്നാണ് വിവരം. വിദേശകാര്യ സഹമന്ത്രി രാജ് കുമാർ രഞ്ജൻ സിങ് മടങ്ങിയെത്തിയ പൗരൻമാരെ സ്വീകരിച്ചു. ഇന്ന് പുലർച്ചെ 5.30ന് ആണ് ഡെൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമെത്തിയത്.
ഇന്നലെ രാവിലെ ഇസ്രയേലിൽ നിന്ന് 212 ഇന്ത്യക്കാരുമായി ഇന്ത്യയുടെ ആദ്യ വിമാനം ഡെൽഹിയിലെത്തിയിരുന്നു. ഇതിൽ ഏഴ് പേർ മലയാളികളാണ്. ദൗത്യത്തിലൂടെ അഞ്ചു ദിവസം കൊണ്ട് മുഴുവൻ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാനാണ് ശ്രമം. ഡെൽഹിയിലെത്തുന്ന മലയാളികളെ സഹായിക്കുന്നതിനായി ഡെൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ: 011 23747079.
ഇസ്രയേലിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിന്റെ വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കേരളത്തിൽ എത്തുന്നത് വരെയുള്ള തയ്യാറെടുപ്പുകൾ സുഗമമാക്കുന്നത് വേണ്ടിയാണിതെന്ന് നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ ഷാജിമോൻ അറിയിച്ചു.
Most Read| സ്ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം