ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിലെ ബലൂചിസ്‌ഥാൻ പ്രവിശ്യയിൽ വിഘടനവാദി ഗ്രൂപ്പായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ആക്രമണങ്ങളിൽ പത്ത് സുരക്ഷാ ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടു. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണങ്ങളിൽ 37 ഭീകരരെ വധിച്ചു.
അഞ്ച് ജില്ലകളിലായി 12ലധികം കേന്ദ്രങ്ങളിലാണ് ഒരേസമയം ആക്രമണം ഉണ്ടായത്. പ്രവിശ്യാ തലസ്‌ഥാനമായ ക്വറ്റയ്‌ക്ക് പുറമെ പാസ്‌നി, മസ്‌തൂങ്, നുഷ്‌കി, ഗ്വാദർ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. ക്വറ്റയിൽ മാത്രം നാല് പോലീസുകാർക്ക് ജീവൻ നഷ്‌ടമായി. അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ബിഎൽഎയുടെ ആക്രമണം.
സൈനിക താവളങ്ങളെയും സർക്കാർ ഉദ്യോഗസ്‌ഥരെയുമാണ് ലക്ഷ്യമിട്ടത്. പോരാട്ടത്തിന്റെ രണ്ടാം ഘട്ടമായ ‘ഓപ്പറേഷൻ ഹെറോഫ്’ ആരംഭിച്ചതായി ബിഎൽഎ നേതൃത്വം അറിയിച്ചു. എന്നാൽ, ഭീകരരുടെ പദ്ധതികൾ തകർത്തതായി പാക്ക് സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്‌ഥർ പറഞ്ഞു.
ആക്രമണത്തെ തുടർന്ന് പ്രവിശ്യയിലുടനീളം സുരക്ഷ കർശനമാക്കി. പ്രധാന നഗരങ്ങളിൽ സേനാ വിഭാഗങ്ങളെ വിന്യസിച്ചു. സാധാരണക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. മേഖലയിൽ ഇപ്പോഴും സംഘർഷാവസ്‌ഥ തുടരുകയാണ്. ധാതുസമ്പന്നമായ ബലൂചിസ്‌ഥാനിൽ ദശാബ്‌ദങ്ങളായി തുടരുന്ന വിഘടനവാദി പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് ഈ ആക്രമണവും.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ







































