ഖാർത്തൂം: സൈന്യവും അർധ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാദൗത്യം ‘ഓപ്പറേഷൻ കാവേരി’ തുടരുന്നു. 135 പേർ അടങ്ങുന്ന മൂന്നാം സംഘം ജിദ്ദയിലെത്തി. പോർട്ട് സുഡാനിൽ നിന്ന് വ്യോമസേനാ വിമാനത്തിലാണ് ഇവരെ എത്തിച്ചത്. സംഘത്തെ സ്വീകരിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇവരുടെ ഇന്ത്യയിലേക്കുള്ള യാത്ര ഉടൻ ഉണ്ടാകുമെന്ന് വ്യക്തമാക്കി.
ഇതുവരെ 561 ഇന്ത്യക്കാരെ സുഡാനിൽ നിന്ന് രക്ഷപ്പെടുത്തി. ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ ഇവർക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്നലെ 278 പേരെ നാവികസേനാ കപ്പലിലും 148 പേരെ വ്യോമസേനാ വിമാനത്തിലുമായി ജിദ്ദയിൽ എത്തിച്ചിരുന്നു. ഓപ്പറേഷൻ കാവേരി എന്ന രക്ഷാദൗത്യത്തിന് നേതൃത്വം നൽകാൻ വി മുരളീധരൻ ജിദ്ദയിൽ തുടരുകയാണ്. സുഡാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് നേവിയുടെ ഐഎൻഎസ് തേഗ് പോർട്ട് സുഡാനിൽ എത്തിയിട്ടുണ്ട്.
വ്യോമസേനയുടെ സി 130 വിമാനം ഉപയോഗിച്ച് പോർട്ട് സുഡാനിൽ നിന്ന് കൂടുതൽ പേരെ ജിദ്ദയിൽ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. സുഡാനിൽ ആകെ മൂവായിരത്തോളം ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്ക്.
Most Read: വന്ദേഭാരതിന്റെ റെഗുലർ സർവീസ് ഇന്ന് മുതൽ; ആദ്യ യാത്ര കാസർഗോഡ് നിന്ന്






































