തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്‌പ്രസിന്റെ റെഗുലർ സർവീസ് ഇന്ന് മുതൽ ആരംഭിക്കും. കാസർഗോഡ് നിന്ന് ഉച്ചയ്‌ക്ക് 2.30ന് ആണ് ആദ്യ യാത്ര പുറപ്പെടുക. മൂന്നാം നമ്പർ പ്‌ളാറ്റ്‌ഫോമിൽ നിന്ന് പുറപ്പെട്ട് രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 05 മിനിട്ടാണ് റണ്ണിങ് ടൈം. നാളെ സർവീസ് ഉണ്ടായിരിക്കില്ല.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് വന്ദേഭാരതിന് സ്‌റ്റോപ്പുകൾ ഉള്ളത്. കാസർഗോഡ് നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ടിക്കറ്റുകൾ ഇപ്പോഴും ലഭ്യമാണ്. എന്നാൽ, കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും മെയ് രണ്ടുവരെ വന്ദേഭാരത് ട്രെയിനിൽ ടിക്കറ്റ് വെയിറ്റിങ് ലിസ്‌റ്റിലാണ്.
എറണാകുളത്ത് നിന്നും കാസർഗോഡേക്ക് മെയ് ഒന്നുവരേയും ടിക്കറ്റ് വെയിറ്റിങ് ലിസ്‌റ്റിൽ ആണ്. കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിൻ ഇന്നലെയാണ് പ്രധാനമന്ത്രി ഉൽഘാടനം ചെയ്‌തത്. പ്രത്യേക ക്ഷണം ലഭിച്ച യാത്രക്കാരുമായി ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്കാണ് ആദ്യ യാത്ര നടത്തിയത്.
Most Read: മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധി ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു