ന്യൂഡെൽഹി: സംഘർഷം തുടരുന്നതിനിടെ, ഇറാനിൽ നിന്ന് ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കുന്ന ദൗത്യം തുടരുന്നു. ടെഹ്‌റാനിലും പരിസരങ്ങളിലുമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് പദ്ധതി. ദൗത്യത്തിന്റെ ആദ്യഘട്ടമായി വടക്കൻ ഇറാനിൽ നിന്നുള്ള 110 മെഡിക്കൽ വിദ്യാർഥികളെ അർമീനിയയുടെ തലസ്‌ഥാനമായ യേരവാനിലെത്തിച്ചിരുന്നു.
സംഘം പ്രത്യേക വിമാനത്തിൽ നാളെ പുലർച്ചെ ഡെൽഹിയിലെത്തും. വ്യോമമേഖല അടച്ചിട്ടിരിക്കുന്നതിനാൽ ടെഹ്റാനിൽ നിന്ന് 148 കിലോമീറ്റർ അകലെ ക്വേം നഗരത്തിൽ എത്തിച്ചാണ് ഇന്ത്യക്കാരെ അതിർത്തി കടത്തുന്നത്. അർമീനിയ, യുഎഇ എന്നീ രാജ്യങ്ങൾ വഴി കടൽ, കര മാർഗങ്ങളിലൂടെയാകും ഒഴിപ്പിക്കൽ. ‘ഓപ്പറേഷൻ സിന്ധു’ എന്ന പേരിലാണ് രക്ഷാദൗത്യം നടക്കുന്നത്.
ഇറാനിലുള്ള നാലായിരത്തോളം ഇന്ത്യക്കാരിൽ 1500 പേർ വിദ്യാർഥികളാണ്. ഭൂരിഭാഗവും കശ്‌മീരിൽ നിന്നുള്ളവരാണ്. നാട്ടിലേക്ക് തിരിച്ച 110 വിദ്യാർഥികളിൽ 90 പേരും കശ്‌മീരികളാണ്. ഡെൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് ഇവർ എത്തുക. വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂം നമ്പറുകൾ: ടോൾഫ്രീ- 1800118797, വാട്‌സ് ആപ്- +91-11-23012113, +91-11-23014104, +91-1123017905, +919968291988.
ഇറാനിലെ ഇന്ത്യൻ എംബസി ഹെൽപ്‌ലൈൻ: +989128109115, +98 9128109109. വാട്‌സ് ആപ്: +98 901044557, +98 9015993320, +91 8086871709.
ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായ പശ്‌ചാത്തലത്തിൽ ഇരു രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ഇറാനിലുള്ള ഇന്ത്യൻ പൗരൻമാരെ ടെഹ്റാനിൽ നിന്ന് ഒഴിപ്പിക്കുന്നതും ഇന്ത്യയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് അർമീനിയൻ വിദേശകാര്യ മന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സംസാരിച്ചിരുന്നു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!








































