ന്യൂഡെൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് പ്രശ്‌നബാധിത പ്രദേശങ്ങളിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി രാജ്യത്തെത്തിക്കുന്നതിനായി ആരംഭിച്ച ‘ഓപ്പറേഷൻ സിന്ധു’വിന്റെ ഭാഗമായി 310 ഇന്ത്യക്കാരെ കൂടി ഡെൽഹി വിമാനത്താവളത്തിൽ എത്തിച്ചു. ഇറാനിലെ മഷാദിൽ നിന്നാണ് ഇവരെ സുരക്ഷിതമായി ഡെൽഹിയിൽ എത്തിച്ചത്. സംഘത്തിൽ ഒരു മലയാളി വിദ്യാർഥിനിയുമുണ്ട്.
മലപ്പുറം മുടിക്കോട് സ്വദേശി ഫാദില കച്ചക്കാരൻ ആണ് സംഘത്തിൽ ഉള്ളത്. ഡെൽഹിയിൽ നിന്ന് ഫാദില ഉടൻ നാട്ടിലേക്ക് തിരിക്കും. ഇറാനിലെ ടെഹ്‌റാനിലുള്ള ഷാഹിദ് ബിഹിഷ്‌ഠി യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ എംബിബിഎസ് രണ്ടാം സെമസ്‌റ്റർ വിദ്യാർഥിനിയാണ്. 2024 സെപ്‌തംബറിലാണ് ഫാദില ഇറാനിലെത്തിയത്.
വിമാനം ശനിയാഴ്‌ച വൈകുന്നേരം 4.30ന് ഡെൽഹി വിമാനത്താവളത്തിൽ എത്തിയെന്നും, ഇതോടെ ഇതുവരെ ഒഴിപ്പിച്ച ഇന്ത്യക്കാരുടെ എണ്ണം 827 ആയെന്നും വിദേശകാര്യ മന്ത്രാലയം വക്‌താവ് രൺധീർ ജയ്സ്വാൾ എക്‌സിൽ കുറിച്ചു. തുർക്ക്‌മെനിസ്‌ഥാനിലെ അഷ്‌ഗാബത്തിൽ നിന്നുമുള്ള 517 പേരുടെ ഇന്ത്യൻ സംഘത്തെ ഇന്ന് പുലർച്ചെ മൂന്നുമണിക്ക് ഡെൽഹിയിൽ എത്തിച്ചിരുന്നു.
110 ഇന്ത്യൻ പൗരൻമാരുടെ ആദ്യ സംഘം വ്യാഴാഴ്‌ച ഇന്ത്യയിൽ എത്തിയിരുന്നു. വെള്ളിയാഴ്‌ച 290 പേരെയും സുരക്ഷിതരായി തിരിച്ചെത്തിച്ചിരുന്നു. ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി രാജ്യത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നാലായിരത്തിലധികം ഇന്ത്യക്കാരാണ് ഇറാനിലുള്ളത്. ഇവരിൽ കൂടുതലും മെഡിക്കൽ വിദ്യാർഥികളാണ്. ഇന്ത്യക്ക് മാത്രമായി ഇറാൻ വ്യോമപാത തുറന്നുനൽകിയിരുന്നു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!