കൊച്ചി: ഇന്ത്യ നൽകിയ തിരിച്ചടിയിൽ ആശ്വാസവും അഭിമാനവുമുണ്ടെന്ന് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ മകൾ ആരതി. നമ്മളെ ആക്രമിക്കുമ്പോൾ ഇത്തരത്തിലൊരു തിരിച്ചടി ഉണ്ടാകുമെന്ന് പാക്കിസ്‌ഥാൻ ഓർക്കണമെന്നും ആരതി പറഞ്ഞു.
എല്ലാവരും ഉറ്റുനോക്കുകയായിരുന്നു നമ്മൾ എന്താ ചെയ്യുക എന്ന്. തിരിച്ചടിയെ കുറിച്ച് അറിയുമ്പോൾ വലിയ ആശ്വാസം. പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിച്ചിരുന്നു. തിരിച്ചടിക്കുമെന്നും വിശ്വസിച്ചിരുന്നു. അതിനായി പ്രാർഥിച്ചിരുന്നു. ഭീകരരെ കുറിച്ചുള്ള ചില വിവരങ്ങൾ നൽകാൻ സാധിച്ചു. ഇനിയും അത് തുടരും. അച്ഛന്റെ നഷ്‌ടം ഒരിക്കലും നികത്താൻ സാധിക്കില്ലെന്നും ആരതി വ്യക്‌തമാക്കി.
ഇത് പാക്കിസ്‌ഥാന് സ്‌ത്രീകൾ കൊടുക്കുന്ന മറുപടി കൂടിയാണെന്നും ആരതി പ്രതികരിച്ചു. ”സ്‌ത്രീകളുടെ മറുപടി എന്ന നിലയിലും ഇതിനെ കാണാവുന്നതാണ്. ഓപ്പറേഷൻ സിന്ദൂർ വളരെ യോജിച്ചതാണെന്നാണ് അമ്മ പറഞ്ഞത്. ആ പേര് നൽകിയവർക്ക് ബിഗ് സല്യൂട്ട്”- ആരതി പറഞ്ഞു.
പുരുഷൻമാരെ മാത്രമാണ് അവർ കൊന്നുകളഞ്ഞത്. കൂടെയുള്ള സ്‌ത്രീകൾ അതേ ആഘാതത്തിൽ തന്നെ ജീവിക്കണം എന്നായിരിക്കും അവർ ഉദ്ദേശിച്ചിട്ടുണ്ടാവുക. എന്നാൽ, ഇന്ത്യൻ സ്‌ത്രീകൾ കണ്ണീരൊഴുക്കി ആ നടുക്കത്തിൽ ജീവിക്കില്ല. ഞങ്ങൾക്കും മറുപടി ഉണ്ട്. ചോദിക്കാൻ ഇന്ത്യ ഉണ്ട്. ഓപ്പറേഷൻ സിന്ദൂർ എന്നതിനേക്കാൾ വലിയൊരു പേര് ഈ തിരിച്ചടിക്ക് നൽകാനില്ല. എന്റെ അമ്മയുടെ സിന്ദൂരം മായ്‌ച്ചതിനുളള മറുപടി കൂടിയാണിതെന്നും ആരതി കൂട്ടിച്ചേർത്തു.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!