ഇസ്‌ലാമാബാദ്: ഇന്ത്യ തങ്ങളുടെ തന്ത്രപ്രധാനമായ വ്യോമതാവളങ്ങൾ അക്രമിച്ചുവെന്ന് സമ്മതിച്ച് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. വെള്ളിയാഴ്‌ച സൈനിക ഉദ്യോഗസ്‌ഥർ ഉൾപ്പടെ പങ്കെടുത്ത ചടങ്ങിലാണ് പാക്ക് പ്രധാനമന്ത്രിയുടെ പ്രസ്‌താവന.
നൂർ ഖാൻ ഉൾപ്പടെയുള്ള തന്ത്രപ്രധാനമായ പാക്ക് വ്യോമതാവങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയ കാര്യം സൈനിക മേധാവി അസിം മുനീർ തന്നെ വിളിച്ചു പറഞ്ഞുവെന്നാണ് ഷഹബാസ് ഷെരീഫ് പറഞ്ഞത്. ”ജനറൽ മുനീർ പുലർച്ചെ 2.30ന് എന്നെ നേരിട്ട് വിളിച്ചു ആക്രമങ്ങളെ കുറിച്ച് അറിയിച്ചു. നൂർ ഖാൻ ഉൾപ്പടെ നമ്മുടെ എയർ ബേസുകൾ ആക്രമിക്കപ്പെട്ടു. അത് വളരെ ആശങ്കാജനകമായ നിമിഷമായിരുന്നു”- പാക്ക് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ- പാക്കിസ്‌ഥാൻ സംഘർഷ സമയത്ത് സേന തകർത്തത് 600 പാക്ക് ഡ്രോണുകളാണ്. നാലോ അഞ്ചോ പാക്ക് ഡ്രോണുകൾക്ക് മാത്രമാണ് ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം വെട്ടിക്കാനായത്. ജനവാസ കേന്ദ്രങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും പാക്കിസ്‌ഥാൻ ഡ്രോണുകൾ അയച്ചു. അവയെല്ലാം ഇന്ത്യൻ സേന തകർത്തു. ഡ്രോണുകളിൽ മുൻതൂക്കമുണ്ടെന്ന പാക്ക് അവകാശവാദം പൊളിച്ചെന്നാണ് സേനാ വൃത്തങ്ങൾ സ്‌ഥിരീകരിക്കുന്നത്
അതേസമയം, വെടിനിർത്തൽ പ്രഖ്യാപിച്ച് ഒരാഴ്‌ച പിന്നിടുമ്പോൾ അതിർത്തിയിൽ സ്‌ഥിതിഗതികൾ ശാന്തമാണ്. വ്യോമസേനാ സർവീസുകളും പൊതുഗതാഗതവും പഴയ നിലയിലായതോടെ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തി. പാക്കിസ്‌ഥാന്റെ ആക്രമണത്തിൽ വീടുകളും ജീവിതോപാധികളും നഷ്‌ടപ്പെട്ടവർക്കുള്ള പുനരധിവാസ പദ്ധതികളും സർക്കാർ ഇന്ന് പ്രഖ്യാപിച്ചേക്കും.
അതിർത്തി സംസ്‌ഥാനങ്ങളിലെ സ്‌ഥിതിഗതികളും സുരക്ഷയും വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. ഇന്ത്യ-പാക്ക് അതിർത്തിയായ അട്ടാരി-വാഗാ ബോർഡർ വഴി കൂടുതൽ അഫ്‌ഗാൻ ചരക്കുവാഹനങ്ങൾ ഇന്നും കടത്തിവിടും. കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് ചരക്ക് നീക്കം.
Most Read| പറയുമ്പോൾ ശ്രദ്ധിച്ച് പറയണം; ജി സുധാകരനെ തള്ളി സിപിഎം