ന്യൂഡെൽഹി: പ്രതിപക്ഷ നേതാക്കളുടെ പ്രസംഗത്തിലെ ചില പരാമർശങ്ങൾ നീക്കം ചെയ്‌ത് ദൂരദർശനും ആകാശവാണിയും. കേന്ദ്ര സർക്കാരിനെതിരെയുള്ള സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഫോർവേഡ് ബ്ളോക്ക് നേതാവ് ജി ദേവരാജന്റെയും ചില പരാമർശങ്ങളും വാക്കുകളുമാണ് നീക്കം ചെയ്‌തത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഓൾ ഇന്ത്യ റേഡിയോയിലും ദൂരദർശനിലും അനുവദിക്കുന്ന ‘പ്രക്ഷേപണ സമയത്തിലേക്ക്’ നടത്തിയ പ്രസംഗങ്ങളിലാണ് നടപടി. ‘വർഗീയ സർക്കാർ’, ‘കാടൻ നിയമങ്ങൾ’, ‘മുസ്‌ലിം’ തുടങ്ങിയ പരാമർശങ്ങളാണ് ഒഴിവാക്കിയത്. നേതാക്കളുടെ പ്രസംഗം റെക്കോർഡ് ചെയ്യുന്നതിന് മുമ്പാണ് വാക്കുകൾ ഒഴിവാക്കണമെന്ന് ദൂരദർശൻ ആവശ്യപ്പെട്ടത്. ‘വർഗീയ സ്വേച്ഛാധിപത്യ ഭരണം’ എന്ന വാക്കും യെച്ചൂരിയോട് ഒഴിവാക്കാൻ ആവശ്യപ്പെട്ടു.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശ പ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. ഇത്തരം നടപടികൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രിമാരുടെ പ്രസംഗങ്ങൾ പോലും ഇത്തരത്തിൽ തിരുത്തിയിട്ടുള്ള അവസരങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പ്രസാർ ഭാരതി അധികൃതർ പറയുന്നു.
മറ്റു രാജ്യങ്ങൾക്കെതിരായ വിമർശനം, മത വിഭാഗങ്ങൾക്കെതിരായ ആക്രമണം, കലാപാഹ്വാനം, രാഷ്‌ട്രപതിക്കും കോടതികൾക്കുമെതിരായ വിമർശനം, ഏതെങ്കിലും വ്യക്‌തികളെ പേരെടുത്ത് പറഞ്ഞുള്ള വിമർശനം, രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും എതിരായ പരാമർശങ്ങൾ തുടങ്ങിയവയൊന്നും അനുവദിക്കാനാവില്ലെന്നാണ് മാർഗനിർദ്ദേശങ്ങളെന്ന് അധികൃതർ വിശദീകരിക്കുന്നു.
Most Read| സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരളസഭക്ക് രണ്ടുകോടി അനുവദിച്ച് സർക്കാർ