ന്യൂഡെൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും. വൈകിട്ട് ആറുമണിക്ക് ഡെൽഹി വസന്ത് കുഞ്ചിലുള്ള യെച്ചൂരിയുടെ വസതിയിലാണ് പൊതുദർശനത്തിന് വെക്കുക. നാളെ രാവിലെ 11 മണിമുതൽ പാർട്ടി ആസ്‌ഥാനമായ എകെജി ഭവനിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.
വൈകിട്ട് മൂന്നുമണിക്ക് പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്തിമോപചാര ചടങ്ങുകൾക്ക് ശേഷം വൈകിട്ട് അഞ്ചുമണിക്ക് വിലാപയാത്രയായി ഭൗതിക ശരീരം ഡെൽഹി എയിംസിന് കൈമാറും. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിൽസയിലിരിക്കെ ഇന്നലെയാണ് സീതാറാം യെച്ചൂരി മരിച്ചത്. 32 വർഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിച്ചിരുന്ന യെച്ചൂരി 2015ലാണ് ജനറൽ സെക്രട്ടറി പദവിലേക്കെത്തിയത്.
2005 മുതൽ 2017 വരെ ബംഗാളിൽ നിന്നുള്ള രാജ്യസഭാ അംഗമായിരുന്നു. 1984ൽ എസ്എഫ്ഐയുടെ ദേശീയ പ്രസിഡണ്ടായ യെച്ചൂരി അതേ വർഷം സിപിഎം കേന്ദ്ര കമ്മിറ്റിയിൽ പ്രകാശ് കാരാട്ടിനൊപ്പം സ്‌ഥിരം ക്ഷണിതാവുമായി. തൊട്ടടുത്ത വർഷം കാരാട്ടിനും എസ് രാമചന്ദ്രൻ പിള്ളയ്‌ക്കുമൊപ്പം കേന്ദ്ര കമ്മിറ്റി അംഗമായി. 1992ലാണ് മൂവരും പൊളിറ്റ് ബ്യൂറോയിൽ എത്തുന്നത്.
1996ൽ യെച്ചൂരിയും പി ചിദംബരവും എസ് ജയ്‌പാൽ റെഡ്‌ഡിയും ചേർന്നിരുന്ന് ഐക്യമുന്നണി സർക്കാരിന്റെ പൊതു മിനിമം പരിപാടിയുണ്ടാക്കി. 2004ൽ യുപിഎ സർക്കാരിന്റെ പൊതു മിനിമം പരിപാടിയുണ്ടാക്കാൻ യെച്ചൂരിയും ജയ്‌റാം രമേശും ഒത്തുകൂടിയിരുന്നു. യെച്ചൂരിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു യെച്ചൂരിയെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. മികച്ച പാർലമെന്റേറിയനായി കഴിവ് തെളിയിച്ച വ്യക്‌തി കൂടിയായിരുന്നു യെച്ചൂരിയെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
സീതാറാം യെച്ചൂരിക്ക് പകരം നിലവിലെ പിബിയിൽ ഒരാൾക്ക് ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഒരാഴ്‌ചക്ക് ശേഷമേ ആലോചന തുടങ്ങൂവെന്നും നേതാക്കൾ അറിയിച്ചു. ബൃന്ദ കാരാട്ടാണ് നിലവിൽ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന നേതാക്കളിൽ ഏറ്റവും മുതിർന്ന അംഗം. എന്നാൽ, പ്രായപരിധി നിബന്ധന അനുസരിച്ച് ബൃന്ദ കാരാട്ട് അടുത്ത സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിയേണ്ടതുണ്ട്.
മുഹമ്മദ് സലിം, എംഎ ബേബി, എ വിജയരാഘവൻ എന്നിവരുടെ പേരുകളും നേതൃത്വത്തിന് മുന്നിലുണ്ട്. ഈ മാസം അവസാനം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് സൂചന. താൽക്കാലിക ചുമതലയാകും തൽക്കാലം നൽകുകയെന്നും പാർട്ടി കോൺഗ്രസ് പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുമെന്നുമാണ് നേതാക്കളിൽ നിന്നും ലഭിക്കുന്ന വിവരം.
Most Read| അമീബിക് മസ്‌തിഷ്‌ക ജ്വരം; കേരളത്തിൽ 14 പേർക്ക് രോഗമുക്‌തി- ചരിത്രത്തിൽ ആദ്യം