തിരുവനന്തപുരം: അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് (അമീബിക് മസ്‌തിഷ്‌ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന പത്ത് പേരെയും ഡിസ്‌ചാർജ് ചെയ്‌തു. ആദ്യം തന്നെ കൃത്യമായി രോഗനിർണയം നടത്തുകയും മിൽട്ടിഫോസിൻ ഉൾപ്പടെയുള്ള മരുന്നുകൾ എത്തിച്ച് ഫലപ്രദമായ ചികിൽസ നൽകുകയും ചെയ്‌തത് കൊണ്ടാണ് ഇത്രയേറെ പേരെ ഭേദമാക്കാൻ കഴിഞ്ഞത്.
തിരുവനന്തപുരത്ത് മരണമടഞ്ഞയാൾക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പ് ശക്‌തമായ നടപടികളാണ് സ്വീകരിച്ചത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്‌റ്റേറ്റ് ആർആർടി യോഗം ചേർന്ന് പ്രതിരോധവും ചികിൽസയും ഏകോപിപ്പിച്ചിരുന്നു.
ആഗോളതലത്തിൽ 97 ശതമാനം മരണനിരക്കുള്ള രോഗമാണിത്. എന്നാൽ, കേരളത്തിലെ മരണനിരക്ക് 26 ശതമാനമായി കുറയ്‌ക്കാൻ സാധിച്ചു. ലോകത്ത് തന്നെ ഇത്തരത്തിൽ രോഗമുക്‌തി കൈവരിച്ചിട്ടുള്ളത് 11 പേർ മാത്രമാണ്. എന്നാൽ, കേരളത്തിൽ ഇതുവരെ 14 പേരെ രോഗമുക്‌തരാക്കാൻ കേരളത്തിന് കഴിഞ്ഞു. ഏകോപനത്തിനും ചികിൽസയ്‌ക്കും നേതൃത്വം നൽകിയ മെഡിക്കൽ കോളേജിലെയും ആരോഗ്യവകുപ്പിലെയും മുഴുവൻ ടീമിനെയും മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്