കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. ആലപ്പുഴയിൽ ജോലി ചെയ്യുന്ന ഫറോക്ക് സ്വദേശിയായ 19കാരനാണ് കഴിഞ്ഞദിവസം പുതുതായി രോഗം സ്‌ഥിരീകരിച്ചത്. യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
നേരത്തെ ജില്ലയിലെ നടുവണ്ണൂർ കോട്ടൂർ സ്വദേശിയായ ഒമ്പത് വയസുകാരനും രോഗം സ്‌ഥിരീകരിച്ചിരുന്നു. കുട്ടിയും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. രണ്ടുപേരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. ഇതോടെ കോഴിക്കോട് ജില്ലയിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ചികിൽസയിൽ ഉള്ളവരുടെ എണ്ണം രണ്ടായി.
കോട്ടൂർ സ്വദേശിയായ ഒമ്പത് വയസുകാരൻ മൂന്ന് ദിവസം മുൻപ് കൂട്ടുകാർക്കൊപ്പം വീടിന് സമീപത്തെ കനാലിൽ കുളിച്ചിരുന്നു. ഇവിടെ നിന്നാകാം രോഗം പിടിപെട്ടതെന്നാണ് പ്രാഥമിക നിഗമനം. തലവേദനയും കടുത്ത പനിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി ഭേദമാകാതെ വന്നതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്രവ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
ഇതോടെയാണ് രോഗം സ്‌ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം കനാലിലെ ജലാശയത്തിൽ നിന്നു തന്നെയാണോ എന്ന് സ്‌ഥിരീകരിക്കാൻ ആരോഗ്യവകുപ്പ് അന്വേഷണം ഊർജിതമാക്കി. കുട്ടി കുളിച്ച കക്കോടി ബ്രാഞ്ച് കനാലിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു. ഇതിന്റെ പരിശോധനാ ഫലം വന്നാൽ മാത്രമേ ഉറവിടത്തെക്കുറിച്ച് വ്യക്‌തത വരികയുള്ളൂ.
ആലപ്പുഴയിൽ ജോലി ചെയ്യുന്ന ഫറോക്ക് സ്വദേശിയായ 19 വയസുകാരന് കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടിരുന്നു. കോഴിക്കോട് എത്തിയ ശേഷവും പനിയും തലവേദനവും മാറാത്തതിനെ തുടർന്നാണ് സ്രവ പരിശോധനക്ക് വിധേയനായത്. ഇതിലാണ് രോഗം സ്‌ഥിരീകരിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ ആക്കുകയായിരുന്നു.
കടുത്ത ജാഗ്രത വേണം
അമീബിക് മസ്‌തിഷ്‌ക ജ്വരത്തിന്റെ വ്യാപനത്തിൽ കനത്ത ജാഗ്രത വേണമെന്ന് സംസ്‌ഥാന ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. നാലര മാസത്തിന്റെ 20 പേരാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് സംസ്‌ഥാനത്ത് മരിച്ചത്. നൈഗ്‌ളേറിയ ഫൗളേരി, അക്കാന്തമീബ എന്നിവയാണ് മസ്‌തിഷ്‌ക ജ്വരത്തിന് കാരണമാവുന്ന സൂക്ഷ്‌മജീവികൾ.
ചെളി നിറഞ്ഞ ജലാശയങ്ങളിൽ കണ്ടുവരുന്ന നൈഗ്‌ളേറിയ ഫൗളറി മനുഷ്യർ മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെ ശിരസിൽ എത്തി തലച്ചോറിൽ അണുബാധ ഉണ്ടാക്കുന്നതാണ് രോഗം മാരകമാക്കുന്നത്. മലിനമായ വെള്ളവുമായി സമ്പർക്കം പുലർത്തി ഒന്ന് മുതൽ രണ്ടു ആഴ്‌ചക്കുള്ളിൽ ലക്ഷണങ്ങൾ ആരംഭിക്കും. പനി, തലവേദന, ഛർദി, അപസ്‌മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.
Most Read| രാജ്യത്ത് ഇരുട്ടടിയായി ഇന്ധനവില വർധനവ്; മൂന്ന് രൂപ കൂട്ടി



































