തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേളയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിഷയം ഉന്നയിച്ചു. സ്വർണം കാണാതായ സംഭവത്തിൽ ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡണ്ടും രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
എന്നാൽ, അംഗങ്ങളെ സ്‌പീക്കർ ചോദ്യം ഉന്നയിക്കാനായി ക്ഷണിച്ചു. ഇതോടെ, പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യങ്ങൾ എഴുതിയ ബാനറും ബോർഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്‌പീക്കറെ മറച്ച് ബാനർ പിടിച്ചു. മന്ത്രിമാർ ഉൾപ്പടെയുള്ള ഭരണപക്ഷയും കസേരകളിൽ നിന്ന് എഴുന്നേറ്റു.
ചോദ്യോത്തര വേള തടസപ്പെടുത്തുന്ന പ്രവണത രാജ്യത്ത് ഒരിടത്തും ഇല്ലെന്നും ഇത് ശരിയായ രീതിയില്ലെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് അംഗങ്ങളെ നിയന്ത്രിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബാനർ താഴ്‌ത്തി പിടിക്കണമെന്നും ചോദ്യോത്തര വേള തടസപ്പെടുത്തുന്നത് ജനങ്ങളോടുള്ള അനാദരവാണെന്നും സ്‌പീക്കർ എഎൻ ഷംസീറും പറഞ്ഞു.
‘അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ’ എന്ന ബാനർ പ്രതിപക്ഷം ഉയർത്തി. ബഹളം കൂടിയതോടെ ചോദ്യോത്തരവേള സ്‌പീക്കർ റദ്ദാക്കി. സഭ അൽപ്പനേരത്തേക്ക് നിർത്തി. ഒരിക്കൽ അടിയന്തിര പ്രമേയമായി പ്രതിപക്ഷം വിഷയം ഉന്നയിച്ചെങ്കിലും ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ പരിഗണിക്കാൻ ആവില്ലെന്നായിരുന്നു സ്‌പീക്കറുടെയും സർക്കാരിന്റെയും നിലപാട്.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി