ന്യൂഡെൽഹി: ‘വോട്ട് കൊള്ള’ക്കെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്‌ഥാനത്തേക്ക് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം എംപിമാർ അണിനിരന്ന മാർച്ച് സഖ്യത്തിന്റെ ശക്‌തി പ്രകടനമായി മാറി.
മാർച്ച് ട്രാൻസ്‌പോർട്ട് ഭവന് മുന്നിൽവെച്ച് പോലീസ് റോഡിൽ ബാരിക്കേഡുകൾ വെച്ച് തടഞ്ഞു. ഇതോടെ നേതാക്കളും പോലീസുമായി ഉന്തും തള്ളുമുണ്ടായി. ഒരുമണിക്കൂറോളം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാർ പിന്നീട് അറസ്‌റ്റ് വരിച്ചു. മുന്നൂറോളം എംപിമാരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
വനിതാ എംപിമാർ അടക്കമുള്ളവർ ബാരിക്കേഡിന് മുകളിലൂടെ കടക്കാൻ ശ്രമിച്ചു. അഖിലേഷ് യാദവ്, ഡീൻ കുര്യാക്കോസ് തുടങ്ങിയ എംപിമാർ ബാരിക്കേഡ് ചാടിക്കടക്കുകയും ചെയ്‌തു. എന്നാൽ, രാഹുൽ ഉൾപ്പടെയുള്ള ഉന്നത നേതാക്കൾ ബലപ്രയോഗത്തിന് മുതിരാതെ ബാരിക്കേഡിന് മറുവശത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
30 എംപിമാരുമായി മാത്രം കൂടിക്കാഴ്‌ചയ്‌ക്ക് തയ്യാറാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം ഡെൽഹി പോലീസ് നേതാക്കളെ അറിയിച്ചെങ്കിലും എംപിമാർ തയ്യാറായില്ല. പിന്നീട് നേതാക്കൾ അറസ്‌റ്റ് വരിച്ചു. ഇത് രാഷ്‌ട്രീയമല്ലെന്നും ഭരണഘടന സംരക്ഷിക്കാനും ഒരാൾക്ക് ഒരു വോട്ട് എന്ന ചട്ടം ഉറപ്പാക്കാനുമുള്ള പോരാട്ടമാണെന്നും അറസ്‌റ്റ് വരിച്ച ശേഷം രാഹുൽ ഗാന്ധി പ്രതികരിച്ചു.
പ്രതിഷേധത്തിനിടെ തൃണമൂൽ കോൺഗ്രസ് എംപിമാരായ മഹുവ മൊയ്‌ത്ര, മിതാലി ബാഘ് എന്നിവർ കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ സ്‌പെഷ്യൽ ഇൻറ്റെൻസീവ് റിവിഷനും മുൻനിർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചത്.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം





































