കാസർഗോഡ്: ജില്ലയിലെ പൈവളിഗെയിലെ മൊബൈൽ കടയിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സംഭവത്തിൽ പോലീസുകാർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. മൊബൈൽ കടയുടമ ജവാദ് ആസിഫ് നൽകിയ ഹർജിയിലാണ് കാസർഗോഡ് ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് ഉത്തരവ് ഇറക്കിയത്. ഏഴ് പോലീസുകാർക്ക് എതിരേയാണ് കേസെടുക്കുക. മൂന്ന് മാസം മുൻപാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
കട അടയ്‌ക്കാൻ ആവശ്യപ്പെട്ട് പോലീസുകാർ ജവാദിന്റെ മൊബൈൽ കടയിൽ എത്തിയിരുന്നു. എന്നാൽ, രാത്രി എട്ടുമണിവരെ കട തുറന്ന് പ്രവർത്തിക്കാൻ അനുവാദം ഉണ്ടെന്നും, അതിന് മുൻപ് കട അടയ്‌ക്കാൻ കഴിയില്ലെന്നും ജവാദ് പൊലീസുകാരെ ധരിപ്പിച്ചു. തുടർന്ന് പോലീസുകാർ ജവാദിനെ മർദ്ദിക്കുകയും കടയിൽ കയറി മൊബൈൽ ഉൾപ്പടെയുള്ള സാധനങ്ങൾ തകർക്കുകയും ചെയ്യുകയായിരുന്നു.
സംഭവത്തിൽ ജില്ലാ പോലീസ് മേധാവി ഉൾപ്പടെ ഉള്ളവർക്ക് ജവാദ് പരാതി നൽകിയിരുന്നു. എന്നാൽ, കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ലാ എന്നും, തുടർന്നാണ് കോടതിയെ സമീപിച്ചതെന്നുമാണ് ജവാദ് പറയുന്നത്. അതേസമയം, ഒരുലക്ഷം രൂപയുടെ സാധനങ്ങൾ നശിപ്പിച്ചതായാണ് റിപ്പോർട്.
Read Also: ലഹരി കടത്ത്; കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ







































