തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ ദാതാക്കളുടെ എണ്ണത്തിൽ വർധന. 2025ൽ മാത്രം 77 അവയവമാറ്റ ശസ്ത്രക്രിയകളാണ് നടന്നത്. 2024ൽ ആകെ 33 അവയവ മാറ്റം മാത്രമാണ് നടന്നിരുന്നത്. കഴിഞ്ഞവർഷം മാത്രം ഏഴ് ഹൃദയമാറ്റ ശസ്ത്രക്രിയകൾ നടന്നു. ഈവർഷം രണ്ടുമാസത്തിനിടെ ആറുപേർ അവയവങ്ങൾ ദാനം ചെയ്തു.
മരണാനന്തര അവയവ ദാനത്തിനായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. വാഹനാപകടത്തെ തുടർന്ന് മരിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിന്റെ അവയവങ്ങൾ നാലുപേർക്ക് ദാനം ചെയ്തിരുന്നു. ഇതോടെയാണ് അവയവ ദാനത്തെ കുറിച്ചുള്ള ചർച്ചകൾ കേരളത്തിൽ വീണ്ടും സജീവമായത്.
പത്തനംതിട്ട മല്ലപ്പള്ളി വാലുമണ്ണിൽ അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും ഏകമകളായ ആലിന് കഴിഞ്ഞ അഞ്ചിന് എംസി റോഡിൽ പള്ളത്തുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. വ്യാഴാഴ്ച മസ്തിഷ്ക മരണം സംഭവിച്ചതോടെ മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.
ആറുമാസം പ്രായമുള്ള ഡ്രിയയും പത്തുവയസുള്ള ശ്രേയയുമാണ് അവയവങ്ങൾ സ്വീകരിച്ചത്. ഡ്രിയയുടെ ശസ്ത്രക്രിയ കിംസ് ഹെൽത്തിലും ശ്രേയയുടെ ശസ്ത്രക്രിയ മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് നടന്നത്. ആലിന്റെ കരൾ ഡ്രിയയിലും വൃക്കകൾ ശ്രേയയും സ്വീകരിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക





































