കൊച്ചി: കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ നിന്ന് അറസ്‌റ്റിലായ അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണിയായ സബിത്തിന് ആഭ്യന്തര ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്. അഞ്ചുവർഷമായി ഇറാനിൽ താമസിച്ചായിരുന്നു അവയവക്കടത്തിന് നേതൃത്വം നൽകിയതെന്ന് സബിത്ത് എൻഐഎക്ക് മൊഴി നൽകി.
വ്യാജ പാസ്‌പോർട്ട്, ആധാർ കാർഡ് എന്നിവ തയ്യാറാക്കിയാണ് ആളുകളെ ഇറാനിലെത്തിച്ചത്. 20 പേരെ ഇതുവരെ ഇറാനിലേക്ക് കടത്തിയതായും സമ്പിത്ത് മൊഴി നൽകി. ഉത്തരേന്ത്യയിൽ നിന്നുള്ളവരെയാണ് കൂടുതൽ ഇറാനിലേക്ക് കടത്തിയത്. എട്ട് സംസ്‌ഥാനങ്ങളിൽ നിന്നും ആളുകളെ കൊണ്ടുപോയി. ദാതാക്കൾക്ക് പത്ത് ലക്ഷം രൂപ നൽകുമ്പോൾ തന്റെ കമ്മീഷൻ അഞ്ചുലക്ഷം രൂപയായിരുന്നുവെന്നും സബിത്ത് വെളിപ്പെടുത്തി.
ഇറാനിലെ ഫരീദിഖാൻ ആശുപത്രിയായിരുന്നു അവയവക്കടത്തിന്റെ താവളമെന്നും സബിത്ത് മൊഴി നൽകി. കൊച്ചിക്ക് പുറമെ കാസർഗോഡ് നിന്നാണ് കൂടുതൽ പേരെ കേരളത്തിൽ നിന്നും അവയവക്കടത്തിനായി ഇറാനിലെത്തിച്ചത്. കേന്ദ്ര ഏജൻസികൾ പ്രതിയെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് കൊച്ചി നെടുമ്പാശ്ശേരിയിൽ വെച്ച് സബിത്തിനെ ഇന്നലെ അറസ്‌റ്റ് ചെയ്‌തത്.
കേരളത്തിൽ വ്യാജ ആധാർ കാർഡുമായി എത്തിയിരുന്ന ചില ഇതര സംസ്‌ഥാന തൊഴിലാളികളെയും സബിത്ത് ഇറാനിലെത്തിച്ചതായി വിവരമുണ്ട്. അവയവക്കടത്തിനായി കൊണ്ടുപോയവരിൽ ചിലർ ഇറാനിൽ വെച്ച് മരണപ്പെട്ടതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് അവയവക്കടത്ത് മാഫിയ പ്രവർത്തിച്ചിരുന്നത്. പോലീസ് കസ്‌റ്റഡിയിൽ തുടരുന്ന സബിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വലിയ തുക വാഗ്‌ദാനം നൽകി ആളുകളെ ഇറാനിലെത്തിക്കുന്ന സബിത്ത് പിന്നീട് അവയവമെടുത്ത ശേഷം തുച്ഛമായ തുക നൽകി തിരികെ എത്തിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന അവയവം വലിയ തുകയ്‌ക്ക് പ്രതി മറിച്ച് വിൽക്കുകയും ചെയ്‌തിരുന്നു. സംഭവത്തിൽ കൊച്ചി സ്വദേശിയായ യുവാവിനെയും എൻഐഎ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. സബിത്തിനൊപ്പം താമസിച്ചിരുന്ന ചാവക്കാട് സ്വദേശിയേയും എൻഐഎ ചോദ്യം ചെയ്യും.
Most Read| ലോക്‌സഭാ തിരഞ്ഞെടുപ്പ്; അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി- മൽസരരംഗത്ത് പ്രമുഖർ








































