കൊച്ചി: അവയവക്കടത്ത് കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക. കേസിൽ പിടിയിലായ പ്രതി തൃശൂർ വലപ്പാട് സ്വദേശി സാബിത്ത് കുറ്റം സമ്മതിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണ സംഘം അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
സാമ്പത്തിക ലാഭത്തിനായി പ്രതിയായ സാബിത്ത് ഇരകളെ സ്വാധീനിച്ച് അവയവക്കടത്തിനായി ഇറാനിലെത്തിച്ചു എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികൾ നൽകിയ വിവരത്തെ തുടർന്നാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് സാബിത്ത് പിടിയിലാകുന്നത്. 2019ൽ സ്വന്തം വൃക്ക വിറ്റതോടെയാണ് ഈ മേഖലയിലെ സാധ്യത തിരിച്ചറിയാൻ തുടങ്ങിയതെന്നാണ് സാബിത്ത് അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴി.
അഞ്ചുവർഷമായി ഇറാനിൽ താമസിച്ചായിരുന്നു അവയവക്കടത്തിന് നേതൃത്വം നൽകിയതെന്ന് സാബിത്ത് എൻഐഎക്ക് മൊഴി നൽകി. വ്യാജ പാസ്പോർട്ട്, ആധാർ കാർഡ് എന്നിവ തയ്യാറാക്കിയാണ് ആളുകളെ ഇറാനിലെത്തിച്ചത്. 20 പേരെ ഇതുവരെ ഇറാനിലേക്ക് കടത്തിയതായും സാബിത്ത് മൊഴി നൽകിയിട്ടുണ്ട്.
പാലക്കാട് സ്വദേശി ഷെമീർ എന്നയാളെയാണ് വൃക്ക നൽകാനായി കേരളത്തിൽ നിന്ന് ഇറാനിൽ എത്തിച്ചത്. ബാക്കി 19 പേർ ഉത്തരേന്ത്യക്കാരാണ്.
ഇവർ കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളാണോ അതോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്തവരാണോ എന്ന് വ്യക്തമല്ല. നിയമപരമായ രീതിയിലാണ് വൃക്കദാനം എന്ന് വിശേഷിപ്പിച്ചാണ് ഇയാൾ ഇരകളെ ഇറാനിലേക്ക് കൊണ്ടുപോയിട്ടുള്ളത്. ഇവരിൽ ചിലർ തിരികെ എത്തിയിട്ടില്ലെന്നും മരിച്ചുവെന്നും വിവരമുണ്ട്. പത്ത് ലക്ഷം വരെയാണ് ഇരകൾക്ക് വാഗ്ദാനം ചെയ്യുന്നതെങ്കിലും ആറുലക്ഷം വരെയൊക്കെയാണ് നൽകുന്നതെന്നും സാബിത്ത് പറഞ്ഞതായാണ് റിപ്പോർട്.
ഇറാനിലെ ഫരീദിഖാൻ ആശുപത്രിയായിരുന്നു അവയവക്കടത്തിന്റെ താവളമെന്നും സാബിത്ത് മൊഴി നൽകി. ആൾക്ക് ഒന്നിന് അഞ്ചുലക്ഷം രൂപയാണ് സാബിത്തിന്റെ കമ്മീഷൻ. ഇത്തരത്തിൽ ലഭിക്കുന്ന വൃക്ക കോടിക്കണക്കിന് രൂപയ്ക്കാണ് അവയവക്കടത്ത് സംഘങ്ങൾ ആവശ്യക്കാരിൽ നിന്ന് വാങ്ങുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.
വ്യാജ ആധാർ, പാസ്പോർട്ട് നിർമാണം, മനുഷ്യക്കടത്ത്, അവയവക്കടത്ത് തുടങ്ങി രാജ്യാന്തര തലത്തിലുള്ള സംഘമാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നതിനാൽ കേന്ദ്ര ഏജൻസികളും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ബംഗ്ളാദേശ്, ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് വിവിധ സംസ്ഥാനങ്ങളിൽ താമസിക്കാനും കുറ്റവാളികൾക്ക് രാജ്യത്ത് നിന്ന് കടക്കാനുമൊക്കെയായി വ്യാജ ആധാർ കാർഡുകൾ നിർമിക്കുന്ന സംഘം സംസ്ഥാനത്ത് ഉണ്ടെന്നാണ് നേരത്തെ പുറത്തുവന്ന വിവരം.
ഈ ആധാർ ഉപയോഗിച്ചാണ് പിന്നീട് പാസ്പോർട്ട് ഉൾപ്പടെയുള്ളവ സംഘടിപ്പിക്കുന്നത്. ഇത്തരത്തിൽ ആധാർ നിർമിക്കുന്ന സംഘം പെരുമ്പാവൂരിലെ ഭായ് മാർക്കറ്റിൽ പ്രവർത്തിച്ചിരുന്നു എന്നും അന്വേഷണം തുടങ്ങിയതോടെ അത് അടച്ചുപൂട്ടി നടത്തിപ്പുകൾ കടന്നുകളഞ്ഞുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതും അന്വേഷണ പരിധിയിൽ കൊണ്ടുവരും.
Most Read| ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!