ചെന്നൈ: സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥന് പി കന്ദസ്വാമിയെ തമിഴ്നാട് ഡിജിപിയായി നിയമിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷന്‍ വകുപ്പ് മേധാവിയായാണ് കന്ദസ്വാമിയെ നിയമിച്ചിരിക്കുന്നത്.
ഡിഎംകെ അധികാരത്തിലെത്തിയാല്‍ എഐഎഡിഎംകെ നേതാക്കളുടെ ഉൾപ്പടെ അഴിമതി പുറത്തുകൊണ്ടുവന്ന് ശക്തമായ നടപടിയെടുക്കുമെന്ന് സ്റ്റാലിൻ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ആദ്യ സൂചനയാണ് കന്ദസ്വാമിയുടെ നിമയനം എന്നാണ് റിപ്പോര്‍ട്ടുകള്‍.
2005ല്‍ സൊഹ്റാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യ കൗസര്‍ബിയെയും പോലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഒരു വര്‍ഷത്തിനുള്ളില്‍ ഇവരുടെ സഹായിയായിരുന്ന തുളസീറാം എന്നയാളും കൊല്ലപ്പെട്ടു. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
തുടര്‍ന്ന് കേസിൽ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ 2010ല്‍ അമിത് ഷാ അറസ്റ്റിലായി. സിബിഐ ഇൻസ്പെക്ടർ ജനറലായിരുന്ന പി കന്ദസ്വാമിയും ഡിഐജി അമിതാഭ് ഠാക്കൂറും ചേര്‍ന്നാണ് അന്ന് അമിത് ഷായെ അറസ്റ്റ് ചെയ്തത്. പിന്നീട് എല്ലാ കേസിലും അമിത് ഷാ കുറ്റവിമുക്തനായെങ്കിലും കന്ദസ്വാമിയുടെ ധീരത അക്കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു.
എസ്എന്‍സി ലാവ്ലിന് കേസുമായി ബന്ധപ്പെട്ട് കന്ദസ്വാമി പിണറായി വിജയനെതിരെയും അന്വേഷണം നടത്തിയിരുന്നു. അഴിമതിക്കും അക്രമത്തിനുമെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥൻ എന്ന വിശേഷണമുള്ള കന്ദസ്വാമിയെ വിജിലന്‍സ് തലപ്പത്ത് നിയമിച്ച സ്റ്റാലിന് സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ അഭിവാദ്യം അര്‍പ്പിക്കുന്നുണ്ട്.
കന്ദസ്വാമിയെ ഡിജിപിയായി നിയമിച്ചതിലൂടെ ബിജെപിക്കും അണ്ണാ ഡിഎംകെക്കും എതിരെ ഒരുപോലെ നടപടികള്‍ സ്വീകരിക്കാനാണ് സ്റ്റാലിൻ ശ്രമിക്കുന്നതെന്നാണ് ഇപ്പോള്‍ ഉയരുന്ന ചര്‍ച്ചകള്‍.
Also Read: ഗൗരിയമ്മ കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യം; രാഹുൽ ഗാന്ധി