ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്ക് പിന്നാലെ, അറബിക്കടലിൽ പാക്ക് തീരത്തോട് ചേർന്ന് നാവിക അഭ്യാസം പ്രഖ്യാപിച്ച് പാക്കിസ്‌ഥാൻ. കറാച്ചി തീരത്തിന് സമീപം മിസൈൽ പരീക്ഷണം നടത്താനും പാക്കിസ്‌ഥാൻ നീക്കം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് ഉൾക്കടലിലേക്ക് നീങ്ങിയെന്നാണ് വിവരം. അതിനിടെ, സിന്ധൂനദീജല ഉടമ്പടി മരവിപ്പിച്ച ഇന്ത്യൻ നടപടി അപക്വമെന്ന് പാക്കിസ്‌ഥാൻ മറുപടി നൽകി. പാക്ക് പങ്ക് വ്യക്‌തമാക്കുന്ന തെളിവ് ഇന്ത്യ കൈമാറിയിട്ടില്ല. ഉചിതമായ മറുപടി നൽകുമെന്നും പാക്ക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ പറഞ്ഞു.
പാക്കിസ്‌ഥാനിൽ ഇന്ന് സുരക്ഷാ കമ്മിറ്റിയുടെ യോഗം ചേരും. പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിളിച്ച യോഗത്തിൽ പ്രധാന കാബിനറ്റ് മന്ത്രിമാരും സുരക്ഷാ സേനയിലെ ഉന്നതരും പങ്കെടുക്കുമെന്നാണ് റിപ്പോർട്. അതിനിടെ, പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി ഊർജിത തിരച്ചിൽ തുടരുകയാണ്.
ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ജമ്മു കശ്‌മീരിൽ സുരക്ഷ വർധിപ്പിച്ചു. ഇന്നലെ ബാരമുള്ളയിലും കുൽഗാമയിലും ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി സാഹചര്യത്തിൽ കൂടിയാണ് നടപടി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഇന്ന് ഡെൽഹിയിൽ സർവകക്ഷി യോഗം ചേരും. യുഎസ് സന്ദർശനം വെട്ടിച്ചുരുക്കി തിരിച്ചെത്തിയ രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കും.
അതേസമയം, പാക്കിസ്‌ഥാന്റെ ഉന്നത നയതന്ത്രജ്‌ഞനായ സാദ് അഹമ്മദ് വാറിച്ചിനോട് രാജ്യം വിടാൻ ഇന്ത്യ നിർദ്ദേശം നൽകി. അസ്വീകാര്യനായതിനാൽ ഇന്ത്യ വിടണമെന്ന നോട്ടീസാണ് നൽകിയത്. അസ്വീകാര്യർ എന്ന് പ്രഖ്യാപിച്ച പാക്ക് സേനാ ഉപദേഷ്‌ടാക്കൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടെന്നാണ് കേന്ദ്ര സർക്കാർ സ്‌ഥിരീകരിച്ചിരിക്കുന്നത്.
ഭീകരാക്രമണത്തിൽ പാക്ക് ബന്ധം വ്യക്‌തമായതോടെ പാക്കിസ്‌ഥാനെതിരെ കനത്ത നടപടിയിലേക്ക് ഇന്ത്യ കടന്നു. അട്ടാരിയിലെ ഇന്ത്യ- പാക്കിസ്‌ഥാൻ അതിർത്തി പൂർണമായും അടച്ചു. നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാക്ക് പൗരൻമാരുടെയും വിസ റദ്ദാക്കി. എല്ലാ പാക്ക് പൗരൻമാരും 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണമെന്നും കർശന നിർദ്ദേശം നൽകി.
ഇനി പാക്ക് പൗരൻമാർക്ക് വിസ നൽകില്ല. ഇന്ത്യയിലുള്ള പാക്കിസ്‌ഥാന്റെ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്‌ഥരുടെ എണ്ണം 55ൽ നിന്ന് 30 ആക്കി വെട്ടിക്കുറക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, പാക്കിസ്‌ഥാനുമായുള്ള ഇന്ത്യൻ നയതന്ത്രജ്‌ഞരെ തിരിച്ചുവിളിക്കും. പാക്ക് പ്രതിരോധ ഉദ്യോഗസ്‌ഥരെ പുറത്താക്കാനും തീരുമാനിച്ചു. പാക്ക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്‌ഥർക്ക് രാജ്യം വിടാൻ ഒരാഴ്‌ചയാണ് സമയം നൽകിയിരിക്കുന്നത്.
അതിനിടെ, ജമ്മു കശ്‌മീരിലെ ഉധംപുരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ഹവിൽദാർ ജണ്ടു അലി ഷെയ്ഖ് ആണ് വീരമൃത്യു വരിച്ചത്. പഹൽഗാം ആക്രമണത്തിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. കരസേന ഉദ്യോഗസ്‌ഥരും ജമ്മു കശ്‌മീർ പോലീസും ചേർന്ന് ഭീകരരെ നേരിടുകയാണ്.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്‌ജലി അർപ്പിച്ചു. പഹൽഗാം ഭീകരാക്രമണം രാജ്യത്തിന്റെ ഹൃദയത്തിനേറ്റ മുറിവാണ്. തീവ്രവാദികൾക്കും അവരെ പിന്തുണയ്‌ക്കുന്നവർക്കും കനത്ത ശിക്ഷ നൽകുമെന്നും മോദി പറഞ്ഞു.
Most Read| തട്ടിപ്പ്; ഇന്ത്യയിലെ 2.9 ദശലക്ഷം അക്കൗണ്ടുകൾ നീക്കം ചെയ്‌ത് ഗൂഗിൾ