ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കറെ ത്വയിബയുടെ മുഖ്യ കമാൻഡർ ഫാറൂഖ് അഹമ്മദിന് നിർണായക പങ്കെന്ന് എൻഐഎ വൃത്തങ്ങൾ. കഴിഞ്ഞ രണ്ടുവർഷമായി കശ്‌മീരിൽ നടന്നുവരുന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ഫാറൂഖ് അഹമ്മദിന്റെ പ്രവർത്തന ശൃംഖലയ്‌ക്ക് മുഖ്യപങ്കുണ്ടെന്ന് സുരക്ഷാസേന കണ്ടെത്തിയിരുന്നു.
പാക്കിസ്‌ഥാനിൽ താമസിച്ച് പദ്ധതികൾ തയ്യാറാക്കാനും നടപ്പാക്കാനും കശ്‌മീരിലെ സംഘവുമായി ബന്ധപ്പെടുന്നതിന് സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങൾ ഫാറൂഖ് ഉപയോഗപ്പെടുത്തി എന്നാണ് എൻഐഎയ്‌ക്ക് ലഭിച്ചിരിക്കുന്ന വിവരം. പാക്ക് അധിനിവേശ കശ്‌മീരിലാണ് നിലവിൽ ഫാറൂഖ് അഹമ്മദുള്ളത് എന്നാണ് കരുതുന്നത്.
പാക്കിസ്‌ഥാനിൽ നിന്ന് കശ്‌മീരിലേക്ക് ഭീകരപ്രവർത്തകരുടെ നുഴഞ്ഞുകയറ്റത്തിനുള്ള സംവിധാനങ്ങളൊരുക്കുന്നത് ഫാറൂഖ് അഹമ്മദാണ്. കശ്‌മീരിലെ പർവത പ്രദേശങ്ങളിലെ എല്ലാ സഞ്ചാരപാതകളെ കുറിച്ചും ഫാറൂഖിന് ധാരണയുണ്ട്. 1990നും 2016നുമിടയിൽ പലതവണ ഇന്ത്യയിൽ നിന്ന് പാക്കിസ്‌ഥാനിലേക്കും തിരിച്ചും ഫാറൂഖ് യാത്ര ചെയ്‌തിട്ടുണ്ട്.
പഹൽഗാം ആക്രമണത്തിന് ശേഷം ഫാറൂഖിനൊപ്പം പ്രവർത്തിക്കുന്ന പലരെയും എൻഐഎ കസ്‌റ്റഡിയിൽ എടുത്തിരുന്നു. കശ്‌മീരിൽ ഭീകരവാദികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഫാറൂഖ് അഹമ്മദിന്റെ കുപ്‌വാരയിലെ വീട് കഴിഞ്ഞ ദിവസമാണ് സുരക്ഷാസേന തകർത്തത്.
Most Read| പോത്തൻകോട് സുധീഷ് കൊലക്കേസ്; 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ