ഇസ്ലാമാബാദ്: പാക്ക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭകരുമായി ഒത്തുതീർപ്പിലെത്തി പാക്ക് സർക്കാർ. ദിവസങ്ങളായി നടന്നുവരുന്ന പ്രക്ഷോഭത്തിൽ പത്തുപേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജമ്മു കശ്മീർ അവാമി ആക്ഷൻ കമ്മിറ്റിയാണ് (എഎസി) പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്.
പ്രക്ഷോഭകർ മുന്നോട്ടുവെച്ച 38 ആവശ്യങ്ങളിൽ ഭൂരിഭാഗവും സർക്കാർ അംഗീകരിച്ചു. പ്രക്ഷോഭം അവസാനിപ്പിക്കാൻ പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പ്രക്ഷോഭകരുമായി കരാറിൽ ഒപ്പിട്ടതായി പാർലമെന്ററികാര്യ മന്ത്രി താരിഖ് ഫസൽ ചൗധരി പറഞ്ഞു.
മൗലികാവകാശ നിഷേധത്തിനെതിരെയാണ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാക്കിസ്ഥാൻ അധിനിവേശ കശ്മീരിൽ സെപ്തംബർ 29ന് പ്രതിഷേധം ആരംഭിച്ചത്. പാക്കിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർഥികൾക്കായി സംവരണം ചെയ്തിരിക്കുന്ന പിഒകെ അസംബ്ളിയിലെ 12 സീറ്റുകൾ നിർത്തലാക്കുന്നത് ഉൾപ്പടെ 38 ആവശ്യങ്ങളാണ് ഉന്നയിക്കപ്പെട്ടത്.
പ്രതിഷേധങ്ങൾ ആരംഭിച്ചത് മുതൽ കടകളും മറ്റു വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടു. മൊബൈൽ, ഇന്റർനെറ്റ്, ലാൻഡ് ലൈൻ തുടങ്ങിയ സേവനങ്ങളും നിരോധിച്ചിരുന്നു. സബ്സിഡി നിരക്കിലുള്ള ധാന്യം, ന്യായമായ വൈദ്യുതി നിരക്ക്, സർക്കാർ വാഗ്ദാനം ചെയ്ത പരിഷ്കാരങ്ങൾ നടപ്പാക്കുക എന്നിവയാണ് മറ്റു പ്രധാന ആവശ്യങ്ങൾ. ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് പ്രക്ഷോഭം ശക്തിപ്പെട്ടത്.
Most Read| കൃഷ്ണാന്നും വിളിച്ച് ചാടി; ഒഴുക്കിൽപ്പെട്ട 17-കാരിയെ രക്ഷിച്ച് ശ്രേയ