ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാൻ സൈനിക മേധാവി അസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തി. പാക്കിസ്‌ഥാന്റെ പരമോന്നത സേനാ പദവിയാണ് ഫീൽഡ് മാർഷൽ തസ്‌തിക. ഇന്ത്യയുമായുള്ള സംഘർഷത്തിന് പിന്നാലെ അട്ടിമറിയുണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സ്‌ഥാനക്കയറ്റം എന്നതാണ് ശ്രദ്ധേയം.
അസിം മുനീറിന് ഫീൽഡ് മാർഷലായി സ്‌ഥാനക്കയറ്റം അനുവദിച്ചുകൊണ്ടുള്ള നിർദ്ദേശത്തിന് പാക്കിസ്‌ഥാൻ മന്ത്രിസഭ ചൊവ്വാഴ്‌ച അംഗീകാരം നൽകിയതായി പാക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അസിം മുനീറിന് സ്‌ഥാനക്കയറ്റത്തിന് അംഗീകാരം നൽകിയത്.
ഇന്ത്യയുമായുള്ള സംഘർഷത്തിൽ വഹിച്ച ‘ശ്രേഷ്‌ഠമായ പങ്ക്’ ആണ് അസിം മുനീറിനെ രാജ്യത്തിന്റെ സേനാമേധാവിയായുള്ള സ്‌ഥാനക്കയറ്റത്തിന് അർഹനാക്കിയതെന്നാണ് പാക്ക് മാദ്ധ്യമങ്ങൾ പറയുന്നത്. പാക്കിസ്‌ഥാൻ ഇന്റലിജൻസ് ഏജൻസി തലവനായിരുന്നു അസിം മുനീർ. 2022ലാണ് സൈനിക മേധാവിയായി നിയമിച്ചത്.
ജനറൽ അയൂബ്‌ഖാനാണ് പാക്കിസ്‌ഥാന്റെ ആദ്യ ഫീൽഡ് മാർഷൽ. അടുത്തിടെയാണ് പാക്കിസ്‌ഥാന്റെ സൈനിക മേധാവിക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന പാക്ക് സുപ്രീം കോടതി വിധി വന്നത്. ഈ വിധിയിലൂടെ പാക്ക് പൗരൻമാരെ സൈനിക കോടതികളിലും വിചാരണ ചെയ്യാനുള്ള അധികാരം സൈന്യത്തിന് ലഭിച്ചിരുന്നു. ഇതോടെ അസിം മുനീറിന്റെ കീഴിലുള്ള പാക്ക് സൈന്യത്തിന് കൂടുതൽ അധികാരം രാജ്യത്ത് കൈവന്നു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!