ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ സൈനിക താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് സാരമായി പരിക്കേറ്റതായാണ് റിപ്പോർട്. കൊല്ലപ്പെട്ടവരിൽ ആറുപേർ സാധാരണക്കാരാണ്. ഇതിൽ മൂന്ന് കുട്ടികളും ഉൾപ്പെടും.
വടക്കുപടിഞ്ഞാറൻ പാകിസ്‌ഥാനിലെ ഖൈബർ പഖ്‌തൂൺഖ്വയിലെ സൈനിക താവളത്തിന് നേരെയാണ് ചൊവ്വാഴ്‌ച രാത്രി ഭീകരാക്രമണം ഉണ്ടായത്. ബോംബുകൾ ഒളിപ്പിച്ച കാറുമായി രണ്ട് ചാവേറുകൾ സൈനിക താവളത്തിലേക്ക് ഇടിച്ചു കയറുകയും പൊട്ടിത്തെറിക്കുകയും ആയിരുന്നു. സൈനിക താവളത്തിൽ മതിൽ തകർന്നതിന് പിന്നാലെ മറ്റു ഭീകരരും അകത്തേക്ക് ഇരച്ചുകയറിയതായും റിപ്പോർട്ടുകളുണ്ട്.
ഇഫ്‌താർ വിരുന്നിന് തൊട്ടുപിന്നാലെയാണ് ബന്നു കന്റോൺമെന്റിൽ ആക്രമണമുണ്ടായത്. പാക് താലിബാനുമായി ബന്ധമുള്ള ജെയ്ഷ് അൽ- ഫുർസാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പ്രത്യാക്രമണത്തിൽ ആറ് ഭീകരരെയും വധിച്ചു. ആക്രമണത്തിന് പിന്നാലെ ആകാശത്തേക്ക് കട്ടിയുള്ള പുക ഉയരുന്ന വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പശ്‌ചാത്തലത്തിൽ വെടിയൊച്ചകളും കേൾക്കാം.
ഒരേസമയം രണ്ട് ചാവേർ കാർ ബോംബുകൾ ഉപയോഗിച്ചതായും ആറ് ഭീകരർ ഉൾപ്പെട്ട ഏകോപിത ആക്രമണമാണെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു. ഫെബ്രുവരി 20ന് ഇതേ പ്രവിശ്യയിൽ പ്രാർഥനയ്‌ക്കിടെ ചാവേർ ബോംബ് സ്‌ഫോടനമുണ്ടായിരുന്നു. താലിബാൻ അനുകൂല പുരോഹിതൻ ഹമീദുൽ ഹഖ് ഹഖാനിയും നാല് അനുയായികളും കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ