ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുമായി സിഐഎസ്എഫ്. ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള ഇന്ത്യയുടെ ഉറി ജലവൈദ്യുത നിലയം പാക്കിസ്‌ഥാൻ ലക്ഷ്യമിട്ടതായി സിഐഎസ്എഫ് വ്യക്‌തമാക്കി. ശ്രമം പരാജയപ്പെടുത്തിയെന്നും, നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടില്ലെന്നും സേന അറിയിച്ചു.
ഡ്രോൺ ആക്രമണമാണ് പാക്കിസ്‌ഥാൻ നടത്തിയത്. അന്ന് ജലവൈദ്യുതി നിലയത്തിന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന 19 സൈനികർക്ക് അവാർഡുകൾ നൽകുന്നതിന്റെ ഭാഗമായാണ് സിഐഎസ്എഫ് ഇക്കാര്യം വെളിപ്പെടുത്തിയത്. പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി മേയ് 6, 7 തീയതികളിലാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്‌ഥാനിലെ ഭീകര-സൈനിക കേന്ദ്രങ്ങൾ ഇന്ത്യ തകർത്തത്.
ഇതിന് മറുപടിയായാണ് ഉറിയിലെ വൈദ്യുതി നിലയവും ജനവാസ കേന്ദ്രങ്ങളും പാക്കിസ്‌ഥാൻ ലക്ഷ്യമിട്ടത്. സിഐഎസ്എഫ് ഈ ആക്രമണങ്ങളെ ഫലപ്രദമായി തടുത്തു. ജനവാസ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടന്നപ്പോൾ കുട്ടികളും സ്‌ത്രീകളും അടക്കമുള്ളവരെ സ്‌ഥലത്ത് നിൻ സുരക്ഷിതമായി മാറ്റി.
ജമ്മു കശ്‌മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ വെടിവയ്‌പ്പിൽ 27 പേരാണ് കൊല്ലപ്പെട്ടത്. കേരളം, കർണാടക, തമിഴ്‌നാട്, മഹാരാഷ്‌ട്ര, ഒഡീഷ തുടങ്ങിയ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!








































