ശ്രീനഗർ: ജമ്മു കശ്മീരിൽ നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച പാക്ക് പൗരനെ സൈന്യം പിടികൂടി. ഭീകരവാദികൾക്ക് വഴികാട്ടിയായി പ്രവർത്തിക്കുന്ന ആളിനെയാണ് പിടികൂടിയത്. ജെയ്ഷെ മുഹമ്മദ് ഭീകരവാദികളെ കശ്മീരിലേക്ക് കടക്കാൻ സഹായിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി.
20 വയസുള്ള ആരിഫ് എന്ന യുവാവിനെയാണ് പിടികൂടിയത്. ഇയാൾ നാല് ഭീകരവാദികളെയാണ് ഇന്ത്യയിലേക്ക് കടത്താനായി ശ്രമിച്ചത്. നിയന്ത്രണരേഖയിലെ സംശയാസ്പദമായ നീക്കങ്ങൾ തിരിച്ചറിഞ്ഞ സൈന്യം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി. മാത്രമല്ല, ആരിഫിനെ പിടികൂടുകയും ചെയ്തു.
അതേസമയം, സൈന്യത്തിന്റെ തിരിച്ചടിയിൽ പരിക്കേറ്റ ഭീകരവാദികൾ പാക്കിസ്ഥാനിലേക്ക് തിരിഞ്ഞോടി. ആരിഫിനെ പിടികൂടാനായത് ഇന്ത്യൻ സൈന്യത്തിന് നിർണായകമായി. ഇയാളിൽ നിന്ന് 20,000 പാക്കിസ്ഥാനി രൂപയും മൊബൈൽ ഫോണും പിടിച്ചെടുത്തു. ഇയാൾക്ക് പ്രദേശത്തെ കുറിച്ച് കൃത്യമായ ധാരണയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. നിയന്ത്രണരേഖയ്ക്ക് സമീപം പാക്ക് അധിനിവേശ കശ്മീരിലാണ് ആരിഫ് താമസിക്കുന്നത്.
ഭീകരവാദികൾക്കും പാക്ക് സൈന്യത്തിനും വേണ്ടി നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നവരെ സഹായിക്കാറുണ്ടെന്ന് ആരിഫ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായാണ് റിപ്പോർട്. ഇയാളിൽ നിന്ന് ഇത്തരത്തിൽ ഭീകരവാദികളെ സഹായിക്കുന്നവരെ കുറിച്ചും നുഴഞ്ഞുകയറാൻ ഉപയോഗിക്കുന്ന പാതകളെ പറ്റിയുള്ള വിവരങ്ങളും സൈന്യം ശേഖരിക്കുന്നുണ്ട്.
Most Read| വാക്സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!