പാലക്കാട്: വിവാദങ്ങൾക്കും അപ്രതീക്ഷിത ട്വിസ്‌റ്റുകൾക്കും സാക്ഷ്യം വഹിച്ച പാലക്കാടൻ ജനത വിധിയെഴുതുന്നു. മണ്ഡലത്തിലെ 184 ബൂത്തുകളിലും പോളിങ് പുരോഗമിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിൽ ഇതുവരെ 13.63 ശതമാനം പോളിങ് രേഖപ്പെടുത്തി. ഭൂരിഭാഗം ബൂത്തുകളിലും നീണ്ടനിരയാണുള്ളത്.
മോക് പോളിങ്ങിന് ശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ആറുമണിയോടെ തന്നെ പോളിങ് ബൂത്തുകളിലേക്ക് ആളുകൾ എത്തിത്തുടങ്ങിയിരുന്നു. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പാലക്കാട് നഗരസഭ, പിരിയിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ 184 ബൂത്തുകളിലായി 1,94,706 വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്.
ഇതിൽ 1,00,290 പേർ സ്‌ത്രീ വോട്ടർമാരാണ്. ആകെ വോട്ടർമാരിൽ 2306 പേർ 85 വയസിന് മുകളിൽ പ്രായമുള്ളവരും 2445 പേർ 18-19 വയസുകാരും 780 പേർ ഭിന്നശേഷിക്കാരും നാലുപേർ ട്രാൻസ്ജെൻഡേഴ്‌സും ആണ്. ഷാഫി പറമ്പിൽ വെന്നിക്കൊടി പാറിച്ച പാലക്കാട് നിലനിർത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ.
കോൺഗ്രസിനെ ഞെട്ടിച്ചു പാർട്ടി വിട്ട പി സരിന് എൽഡിഎഫ് സ്‌ഥാനാർഥി എന്ന നിലയിൽ തന്റെ രാഷ്‌ട്രീയ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്ന പരീക്ഷണം കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. മെട്രോ മാൻ ഇ ശ്രീധരനിലൂടെ കഴിഞ്ഞ തവണ നടത്തിയ മുന്നേറ്റം തുടരാനും ഇത്തവണ സി കൃഷ്‌ണകുമാറിലൂടെ മണ്ഡലം പിടിക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു. ഇന്നലത്തെ നിശബ്‌ദ പ്രചാരണവും പൂർത്തിയാക്കിയ സ്‌ഥാനാർഥികളെല്ലാം തികഞ്ഞ ആൽമവിശ്വാസത്തിലാണ്.
ശക്‌തമായ ത്രികോണ മൽസരത്തിനാണ് പാലക്കാട് സാക്ഷ്യം വഹിക്കാനിരിക്കുന്നത്. വിവാദങ്ങൾക്കും അപ്രതീക്ഷിത ട്വിസ്‌റ്റുകൾക്കും പാലക്കാട് വേദിയായിട്ടുണ്ട്. സ്‌ഥാനാർഥിയെ ചൊല്ലിയുള്ള കോൺഗ്രസിനുള്ളിലെ പൊട്ടിത്തെറി, പി സരിന്റെ സിപിഎം പ്രവേശം, സിപിഐഎം ഉയർത്തിയ നീലട്രോളി വിവാദം, ബിജെപിയുമായുള്ള സന്ദീപ് വാര്യരുടെ അകൽച്ച, സന്ദീപിന്റെ കോൺഗ്രസ് പ്രവേശം, എന്നിങ്ങനെ വിവാദങ്ങൾക്ക് പഞ്ഞമില്ലാതിരുന്ന പാലക്കാടൻ പ്രചാരണ നാളുകൾ മറ്റുരണ്ട് ഉപതിരഞ്ഞെടുപ്പുകളെക്കാൾ കൂടുതൽ മാദ്ധ്യമശ്രദ്ധയും രാഷ്‌ട്രീയ ശ്രദ്ധയും നേടിയിരുന്നു.
Most Read| ‘ഏത് സുപ്രധാനമായ ആക്രമണത്തിനും പ്രതികാരം ആണവായുധം’; നയം പരിഷ്‌കരിച്ച് റഷ്യ






































