പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഒരുമാസത്തോളം നീണ്ടുനിന്ന പ്രചാരണം വൈകിട്ട് ആറിന് കൊട്ടിക്കലാശത്തോടെയാണ് സമാപിക്കുക. ശക്‌തമായ ത്രികോണ മൽസരത്തിനാണ് പാലക്കാട് സാക്ഷ്യം വഹിക്കാനിരിക്കുന്നത്.
വിവാദങ്ങൾക്കും അപ്രതീക്ഷിത ട്വിസ്‌റ്റുകൾക്കും പാലക്കാട് വേദിയായിട്ടുണ്ട്. അവസാനവട്ട വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് മുന്നണികൾ. ഉച്ചയ്‌ക്ക് ശേഷം പാലക്കാട് സ്‌റ്റേഡിയം ബസ് സ്‌റ്റാൻഡ് റോഡിലാണ് മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം. ഇതിനിടെ, ഇന്ന് ഇടതുമുന്നണി കളക്‌ട്രേറ്റ് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
യുഡിഎഫ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ഉച്ചയ്‌ക്ക് രണ്ടിന് ഒലവക്കോട് നിന്ന് തുടങ്ങും. എൽഡിഎഫ് സ്‌ഥാനാർഥി പി സരിന്റെ റോഡ് ഷോ വൈകിട്ട് നാലിന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ബിജെപി സ്‌ഥാനാർഥി സി കൃഷ്‌ണകുമാറിന്റെ റോഡ് ഷോ മേലാമുറി ജങ്ഷനിൽ നിന്നുമാണ് തുടങ്ങുക.
സ്‌ഥാനാർഥിയെ ചൊല്ലിയുള്ള കോൺഗ്രസിനുള്ളിലെ പൊട്ടിത്തെറി, പി സരിന്റെ സിപിഎം പ്രവേശം, സിപിഐഎം ഉയർത്തിയ നീലട്രോളി വിവാദം, ബിജെപിയുമായുള്ള സന്ദീപ് വാര്യരുടെ അകൽച്ച, സന്ദീപിന്റെ കോൺഗ്രസ് പ്രവേശം, എന്നിങ്ങനെ വിവാദങ്ങൾക്ക് പഞ്ഞമില്ലാതിരുന്ന പാലക്കാടൻ പ്രചാരണ നാളുകൾ മറ്റുരണ്ട് ഉപതിരഞ്ഞെടുപ്പുകളെക്കാൾ കൂടുതൽ മാദ്ധ്യമശ്രദ്ധയും രാഷ്‌ട്രീയ ശ്രദ്ധയും നേടിയിരുന്നു.
അതിനിടെ, വോട്ടർപട്ടികയിലെ വ്യാജൻമാരെ കണ്ടെത്തിയില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് സിപിഐഎം അറിയിച്ചിട്ടുണ്ട്. ഇരട്ട വോട്ടിൽ നടപടി ആവശ്യപ്പെട്ടാണ് ഇന്ന് സിപിഎം കളക്‌ട്രേറ്റ് മാർച്ച് നടത്തുന്നത്. രാവിലെ പത്ത് മണിക്കാണ് മാർച്ച്. 2700ഓളം ഇരട്ട വോട്ടുകൾ പാലക്കാട് ഉണ്ടെന്നും ഇവ നീക്കം ചെയ്യണമെന്നുമാണ് ആവശ്യം.
ബിജെപി ജില്ലാ പ്രസിഡണ്ട് ഹരിദാസൻ അടക്കമുള്ളവരുടെ വോട്ട് ചൂണ്ടിക്കാട്ടിയാണ് ബഹുജന പ്രക്ഷോഭം. കുറ്റക്കാർക്കെതിരെ നടപടിയും ഇടതുമുന്നണി ആവശ്യപ്പെടുന്നു. എന്നാൽ, ഇടതു സ്വതന്ത്ര സ്‌ഥാനാർഥി സരിൻ വ്യാജരേഖ ഹാജരാക്കിയാണ് വോട്ട് ചേർത്തതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. 2017ൽ പാലക്കാട് മണ്ഡലത്തിൽ വാങ്ങിയത് സ്വന്തം വീടെന്ന് കാട്ടിയാണ് സരിന്റെ പ്രതിരോധം.
Most Read| മണിപ്പൂർ കലാപം; ബിജെപിക്ക് കനത്ത തിരിച്ചടി- പിന്തുണ പിൻവലിച്ച് എൻപിപി