ഇംഫാൽ: മണിപ്പൂരിൽ ബിജെപി സഖ്യത്തിന് കനത്ത തിരിച്ചടി. ബിജെപി സഖ്യ സർക്കാരിൽ നിന്നും നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) പിൻമാറി. എൻപിപിയുടെ ഏഴ് എംഎൽഎമാരാണ് പിന്തുണ പിൻവലിച്ചത്.
മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് പിൻമാറ്റം. ബിജെപി കഴിഞ്ഞാൽ സർക്കാരിലെ ഏറ്റവും വലിയ കക്ഷിയാണ് എൻപിപി. സംസ്‌ഥാനത്ത് നിലവിലുള്ള ക്രമസമാധാന നിലയെ കുറിച്ച് അഗാധമായ ഉത്‌കണ്‌ഠ പ്രകടിപ്പിച്ചുകൊണ്ടാണ് കൊൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള എൻപിപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരിക്കുന്നത്.
മണിപ്പൂർ സർക്കാർ സംസ്‌ഥാനത്തെ വംശീയ കലാപം നിയന്ത്രിക്കുന്നതിലും സാധാരണ നില പുനഃസ്‌ഥാപിക്കുന്നതിലും പൂർണമായും പരാജയപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്‌ക്ക് അയച്ച ഔദ്യോഗിക കത്തിൽ എൻപിപി തുറന്നടിച്ചു. വടക്കു-കിഴക്കൻ സംസ്‌ഥാനത്ത് ഒരു പ്രധാന സഖ്യകക്ഷിയായ നഷ്‌ടപ്പെട്ടെങ്കിലും, 60 അംഗ മണിപ്പൂർ നിയമസഭയിൽ ബിജെപി സർക്കാർ സുസ്‌ഥിരമായി തുടരാനാണ് സാധ്യത.
ബിജെപിക്ക് നിലവിൽ 37 സീറ്റുകൾ സ്വന്തമായുണ്ട്. 31 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ജനതാദൾ യുണൈറ്റഡിന്റെ ഒരു എംഎൽഎ, നാഗാ പീപ്പിൾസ് അഞ്ച് എംഎൽഎമാർ, മൂന്ന് സ്വതന്ത്ര എംഎൽഎമാർ എന്നിവരുടെ പിന്തുണയും ബിജെപിക്കുണ്ട്.
അതേസമയം, മണിപ്പൂരിൽ സംഘർഷം ശക്‌തമായതിന് പിന്നാലെ സ്‌ഥിതിഗതികൾ അവലോകനം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡെൽഹിയിൽ ഉന്നത ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തി. നാളെ നോർത്ത് ബ്ളോക്കിൽ ആഭ്യന്തര മന്ത്രി വിശദമായ അവലോകന നടത്തും. മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുംബൈയിലെത്തിയ അമിത് ഷാ പ്രചാരണ പരിപാടികൾ റദ്ദാക്കിയാണ് ഡൽഹിക്ക് മടങ്ങിയത്.
മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിങ്ങിന്റെ വസതിയിലേക്ക് ഇന്നലെ വൈകിട്ട് പ്രതിഷേധക്കാർ ഇരച്ചു കയറാൻ ശ്രമിക്കുകയും ബിജെപി കോൺഗ്രസ്, എംഎൽഎമാരുടെ വസതിയടക്കം ആക്രമിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ മണിപ്പൂർ വിഷയം അടിയന്തിരമായി പരിഗണിച്ചത്. ജിരിബാമിൽ ക്രിസ്‌തീയ ദേവാലയങ്ങൾക്കെതിരെയും വ്യാപക ആക്രമണമുണ്ടായി.
5 പള്ളികൾക്കും ആറ് വീടുകൾക്കും തീയിട്ടു. കുക്കി അവാന്തര വിഭാഗമായ മാർ ഗോത്രങ്ങളുടെ പള്ളികളാണ് ഇവ. ഐസിഐ ചർച്ച്, സാൽവേഷൻ ആർമി പള്ളി, ഇഎഫ്‌സിഐ പള്ളി തുടങ്ങിയവ അക്രമിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. ജിരിബാമിൽ മെയ്‌തെയ് വിഭാഗത്തിൽപ്പെട്ട ആറുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് മണിപ്പൂരിൽ വീണ്ടും പ്രതിഷേധം ശക്‌തമായത്.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’