പാലക്കാട്: സ്‌റ്റാർട്ട് ചെയ്യുന്നതിനിടെ കാർ കത്തുന്നത് അപൂർവമാണെന്ന് മോട്ടോർവാഹന വകുപ്പ്. പാലക്കാട് പൊൽപ്പള്ളിയിൽ കാർ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികൾ മരിക്കാനിടയായ സംഭവത്തിലാണ് മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന.
കീ ഓണാക്കുമ്പോൾ ഇന്ധനം പമ്പ് ചെയ്യുന്ന മൾട്ടി പോയിന്റ് ഫ്യൂവൽ ഇൻജക്ഷൻ (എംപിഎഫ്‌ഐ) സംവിധാനമുള്ള 2002 മോഡൽ കാറാണ് കത്തിയത്. പെട്രോൾ ട്യൂബ് ചോർന്ന് സ്‌റ്റാർട്ടിങ് മോട്ടറിന് മുകളിലേക്ക് പെട്രോൾ വീണിട്ടുണ്ടാകാം. ഇതേസമയം, സ്‌റ്റാർട്ടിങ് മോട്ടറിൽ സ്‌പാർക്കുണ്ടാവുകയും തീ പെട്രോൾ ടാങ്കിലേക്ക് പടരുകയും ചെയ്‌തിട്ടുണ്ടാകുമെന്നാണ് മോട്ടോർവാഹന വകുപ്പ് അധികൃതരുടെ നിഗമനം.
വെള്ളിയാഴ്‌ച വൈകീട്ട് അഞ്ചുമണിയോടെയാണ് കാർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വീടിന് മുന്നിൽ നിർത്തിയിട്ട കാർ സ്‌റ്റാർട്ട് ചെയ്യുന്നതിനിടെ വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിൻ-എൽസി ദമ്പതികളുടെ മക്കളായ ആൽഫ്രഡ് മാർട്ടിൻ (6), എമിൽ മരിയ മാർട്ടിൻ (4) എന്നിവരാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ മരിച്ചത്.
എൽസിയുടെ നില അതീവഗുരുതരമായ തുടരുകയാണ്. പൊള്ളലേറ്റ മൂത്ത മകൾ അലീന കൊച്ചിയിൽ ആശുപത്രിയിലാണ്. അലീനയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ മുത്തശ്ശി ഡെയ്‌സിയും അപകടനില തരണം ചെയ്‌തുവെന്നാണ് വിവരം. എൽസിയുടെ ഭർത്താവ് മാർട്ടിൻ ഒന്നരമാസം മുൻപ് രോഗംമൂലം മരിച്ചിരുന്നു. രണ്ടുമാസമായി കാർ ഉപയോഗിച്ചിരുന്നില്ല.
Most Read| ‘നാലാം ക്ളാസിലെ അടിക്ക് 62ആം വയസിൽ തിരിച്ചടി’; ഇത് കാസർഗോഡൻ പ്രതികാരം