പാലക്കാട്: ബിജെപി സ്‌ഥാനാർഥി ശോഭാ സുരേന്ദ്രന് വേണ്ടി വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയതായുള്ള ആരോപണത്തിന് കേസെടുക്കാൻ നിർദ്ദേശം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലാ കലക്‌ടറുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തരുവക്കുറിശ്ശി ഭാഗത്താണ് ബിജെപി പ്രവർത്തകർ എത്തിയത്. ഈ പ്രദേശത്ത് എൻഡിഎ സ്‌ഥാനാർഥി ശോഭാ സുരേന്ദ്രനൊപ്പം എത്തിയ പ്രവർത്തകരാണ് പണം വിതരണം ചെയ്‌തത്. പണം വിതരണം ചെയ്യുന്നതിന്റേതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളും കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരുന്നു.
വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്‌തുവെന്ന പരാതിയിൽ ഫ്‌ളൈയിങ് സ്‌ക്വാഡ് പ്രാഥമിക അന്വേഷണം നടത്തി ജില്ലാ കലക്‌ടർക്ക് റിപ്പോർട് സമർപ്പിച്ചു. ഇതേത്തുടർന്ന് ജനപ്രാതിനിധ്യ നിയമത്തിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകിയിട്ടുണ്ട്.
റിപ്പോർട് പരിശോധിച്ച ശേഷം സംഭവത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പോലീസിനോട് ആവശ്യപ്പെട്ടു. ഒരു വയോധികയ്‌ക്ക് വെള്ള ചുരിദാർ ധരിച്ച ഒരു യുവതി പണം നൽകുന്ന ദൃശ്യങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടത്. ഈ യുവതി ബിജെപിയുടെ ദേശീയ നേതാവായ ശിവരാജ് സിങ് ചൗഹാൻ പാലക്കാട് പ്രചാരണത്തിന് വന്നപ്പോൾ ശോഭാ സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു.
ഇതോടെ, പണം നൽകിയത് ബിജെപിയുമായി അടുത്ത ബന്ധമുള്ള വ്യക്‌തിയാണെന്ന ആക്ഷേപം ശക്‌തമായിരിക്കുകയാണ്. അതേസമയം, മാദ്ധ്യമങ്ങളിൽ പരാമർശിക്കപ്പെട്ട കണ്ണാടി സ്വദേശിനിയായ 65 വയസുള്ള വയോധിക തനിക്ക് പണം ലഭിച്ചിട്ടില്ലെന്നാണ് ഫ്‌ളൈയിങ് സ്‌ക്വാഡിന് മൊഴി നൽകിയത്.
Most Read| ‘ഇറാനിലുള്ള ഇന്ത്യൻ പൗരർ ഉടൻ രാജ്യം വിടണം’; നിർദ്ദേശിച്ച് എംബസി




































